
കോഴിക്കോട്: നഗരത്തെ നടുക്കി വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. തടമ്പാട്ടുത്താഴത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശ്രീജയ, പുഷ്പലളിത എന്നിവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇളയ സഹോദരൻ പ്രമോദിന് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
ശനിയാഴ്ചയാണ് നാടിനെ ഞെട്ടിച്ച സംഭവം പുറത്തറിയുന്നത്. സഹോദരിമാർ മരിച്ചു എന്ന വിവരം പ്രമോദ് തന്നെയാണ് ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചത്. എന്നാൽ, മരണവിവരം അറിയിച്ച ശേഷം ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോകുകയായിരുന്നു. സംശയം തോന്നിയ ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ, രണ്ട് മുറികളിലായി കട്ടിലിൽ വെള്ള പുതപ്പിച്ച് കിടത്തിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി പ്രമോദും സഹോദരിമാരും ഈ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന സഹോദരിമാരെ പ്രമോദാണ് പരിചരിച്ചിരുന്നതെന്ന് അയൽവാസികൾ പറയുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രമോദിന്റെ ഫോൺ അവസാനമായി പ്രവർത്തിച്ചത് ഫറോക്ക് റെയിൽവേ സ്റ്റേഷൻ പരിധിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ട്രെയിനിൽ കയറി സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.