
പാലക്കാട്: ആലത്തൂരിൽ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയുടെ മാല കവർന്ന കേസിൽ എയ്ഡഡ് സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റായ സമ്പത്ത് ആണ് പോലീസ് പിടിയിലായത്. കടബാധ്യത തീർക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
രണ്ടാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് ബസിൽ വന്നിറങ്ങിയ ഓമന എന്ന സ്ത്രീക്ക് സഹായം വാഗ്ദാനം ചെയ്താണ് സമ്പത്ത് ബൈക്കിൽ കയറ്റിയത്. വീട്ടിലേക്കുള്ള വഴിയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ പ്രതി മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഓമന ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും മാലയുടെ ഒന്നര പവനോളം വരുന്ന ഭാഗം പ്രതി കൈക്കലാക്കി കടന്നുകളഞ്ഞു.
പ്രതിക്ക് മുൻപരിചയമില്ലാതിരുന്നിട്ടും, ഹെൽമെറ്റ് ഊരി മുഖം കാണിക്കുകയും നാട്ടുകാരനാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് ഓമന ബൈക്കിൽ കയറിയത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രദേശത്ത് വിറ്റഴിച്ച ബൈക്കുകളുടെ വിവരങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് സമ്പത്ത് കുടുങ്ങിയത്.
മോഷ്ടിച്ച സ്വർണ്ണം സമീപത്തെ ഒരു ജ്വല്ലറിയിൽ ഒരു ലക്ഷത്തിലധികം രൂപയ്ക്ക് വിറ്റതായി പ്രതി സമ്മതിച്ചു. ജ്വല്ലറിയിൽ നിന്ന് സ്വർണ്ണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുൻപ് ക്രിമിനൽ പശ്ചാത്തലമൊന്നും ഇല്ലാത്ത സർക്കാർ ഉദ്യോഗസ്ഥൻ മോഷണക്കേസിൽ പ്രതിയായത് പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.