
നെടുമങ്ങാട്: ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി സ്വർണ്ണാഭരണങ്ങൾ കവർന്ന നാലംഗ സംഘം നെടുമങ്ങാട് പോലീസിന്റെ പിടിയിലായി. വെഞ്ഞാറമൂട് സ്വദേശിയായ യുവാവാണ് സംഘത്തിന്റെ ക്രൂരമായ തട്ടിപ്പിനിരയായത്.
‘ഗ്രിൻഡർ’ എന്ന ഡേറ്റിംഗ് ആപ്പ് വഴിയാണ് യുവാവ് പ്രതികളുമായി പരിചയത്തിലാകുന്നത്. തുടർന്ന്, ഈ മാസം ഏഴിന് ഉച്ചയോടെ യുവാവിനെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു. വാഹനത്തിൽ വെച്ച് സംഘം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ പകർത്തി.
ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും മോതിരവും കൈക്കലാക്കി. പിന്നീട് യുവാവിനെ മർദ്ദിച്ച് അവശനാക്കി പാലോടിന് സമീപം സുമതിവളവിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട യുവാവ് വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി. തുടർന്ന് നെടുമങ്ങാട് പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകളും രണ്ട് ആഡംബര ബൈക്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ സമാനമായ രീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തി ലക്ഷക്കണക്കിന് രൂപയാണ് ഈ സംഘം സമ്പാദിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഒന്നാം പ്രതിയായ സുധീറിന്റെ അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നത്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും സമാനമായ രീതിയിൽ മറ്റാരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.