BusinessNews

ജീവനക്കാരെ പിടിച്ചുനിർത്തുന്നതിൽ ICICI ബാങ്ക് ഒന്നാമത്; കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവ്

മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിൽ ജീവനക്കാരെ നിലനിർത്തുന്നതിൽ ഐസിഐസിഐ ബാങ്ക് ബഹുദൂരം മുന്നിൽ. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷമായി ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന്റെ (Employee Attrition Rate) കാര്യത്തിൽ ഏറ്റവും മികച്ച പ്രകടനമാണ് ബാങ്ക് കാഴ്ചവെക്കുന്നത്. ആകർഷകമായ ശമ്പളവും മികച്ച തൊഴിൽ സാഹചര്യങ്ങളുമാണ് ഐസിഐസിഐ ബാങ്കിനെ ഈ നേട്ടത്തിന് സഹായിച്ചത്.

ബാങ്കിന്റെ ഏറ്റവും പുതിയ ബിസിനസ് റെസ്‌പോൺസിബിലിറ്റി ആൻഡ് സസ്റ്റൈനബിലിറ്റി റിപ്പോർട്ട് (BRSR) അനുസരിച്ച്, 2024-25 സാമ്പത്തിക വർഷത്തിൽ ഐസിഐസിഐ ബാങ്കിലെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് നിരക്ക് 18% മാത്രമാണ്. മുൻ വർഷം ഇത് 24.5% ആയിരുന്നു. 2022-23ൽ 30.9% ആയിരുന്ന സ്ഥാനത്തുനിന്നാണ് ഈ വലിയ മെച്ചപ്പെടുത്തൽ.

അതേസമയം, മറ്റ് പ്രമുഖ സ്വകാര്യ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഐസിഐസിഐയുടെ നേട്ടം വ്യക്തമാണ്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിൽ 2024-25 വർഷത്തെ കൊഴിഞ്ഞുപോക്ക് നിരക്ക് 22.6% ആണ്. ആക്‌സിസ് ബാങ്കിൽ ഇത് 25.5 ശതമാനവും കോട്ടക് മഹീന്ദ്ര ബാങ്കിൽ 33.3 ശതമാനവുമാണ്. ഇൻഡസ്ഇൻഡ് ബാങ്കിൽ 29% ആണ് ഈ വർഷത്തെ നിരക്ക്. കഴിഞ്ഞ മൂന്ന് വർഷമായി എല്ലാ സ്വകാര്യ ബാങ്കുകളിലും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് കുറയുന്ന പ്രവണതയുണ്ടെങ്കിലും, അതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഐസിഐസിഐ ബാങ്കിന് സാധിച്ചു.

കൊഴിഞ്ഞുപോക്ക് കുറയാൻ കാരണം

കോവിഡിന് ശേഷമുണ്ടായ വലിയ നിയമനങ്ങൾക്ക് ശേഷം ബാങ്കിംഗ്, ഫിൻടെക് മേഖലയിലെ തൊഴിൽ വിപണിയിൽ ഒരുതരം സ്ഥിരത വന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണമെന്ന് എച്ച്ആർ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മുൻപ് ഫിൻടെക് കമ്പനികളിലേക്ക് വൻതോതിൽ ചേക്കേറിയിരുന്ന ബാങ്കിലെ തുടക്കക്കാരായ ജീവനക്കാർ, ഇപ്പോൾ അത്തരം മാറ്റങ്ങൾക്ക് മുതിരുന്നില്ല. ബാങ്കുകൾ നൽകുന്ന തൊഴിൽ സ്ഥിരതയും ഡിജിറ്റൽ സേവനങ്ങളുടെ വളർച്ചയും ഇതിന് കാരണമായി. ഈ സാഹചര്യത്തിലും ജീവനക്കാർക്ക് ഏറ്റവും മികച്ച തൊഴിൽ അന്തരീക്ഷം നൽകി അവരെ കൂടെ നിർത്താൻ സാധിച്ചു എന്നതാണ് ഐസിഐസിഐ ബാങ്കിന്റെ വിജയരഹസ്യം.