
നെടുമങ്ങാട് പോലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ലഹരിക്കടത്ത് കേസുകളിലെ പ്രധാന കണ്ണിയായ അനിത, സുജിത്ത്, അൻവർ, അരവിന്ദ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നാം കല്ലിലെ പെട്രോൾ പമ്പിൽ വെച്ചാണ് സംഭവങ്ങളുടെ തുടക്കം.
പമ്പിലെ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ട പ്രതികൾ ഭീഷണിപ്പെടുത്തുകയായിരുന്നു. ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസിനെ കണ്ട് പ്രതികൾ രക്ഷപ്പെട്ടു. പിന്നീട് തൊട്ടടുത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് പോലീസ് ഇവരെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഒരു എഎസ്ഐ ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.
ആക്രമണത്തിൽ എ.എസ്.ഐ. ഷാഫി, സിവിൽ പോലീസ് ഓഫീസർ അഭിലാഷ് എന്നിവർക്ക് പരിക്കേറ്റു. പിടിയിലായ അനിതയ്ക്കെതിരെ നാലോളം കേസുകളും, ഇവരുടെ പങ്കാളിയായ സുജിത്തിനെതിരെ അഞ്ച് കേസുകളും നിലവിലുണ്ട്. അരവിന്ദിനെതിരെ എൻ.ഡി.പി.എസ്. കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘത്തിലെ ഡി.കെ. അഖിൽ എന്നയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.