BusinessNews

ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഉടൻ; കയറ്റുമതി വർധിക്കും, ഇറക്കുമതി തീരുവ കുറയും

ന്യൂഡൽഹി: ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (Free Trade Agreement) ഉടൻ പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ. കരാറിന്റെ കരട് ഒമാനിൽ അറബിയിലേക്ക് വിവർത്തനം ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിനുശേഷം ഇരു രാജ്യങ്ങളിലെയും മന്ത്രിസഭകൾ കരാറിന് അംഗീകാരം നൽകും. രണ്ടു മൂന്നു മാസത്തിനുള്ളിൽ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ കരാറിനായുള്ള ചർച്ചകൾ 2023 നവംബറിലാണ് ആരംഭിച്ചത്. കരാർ നിലവിൽ വരുന്നതോടെ, ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരം നടത്തുന്ന പരമാവധി ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ (customs duties) ഗണ്യമായി കുറയ്ക്കുകയോ പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്യും. ഇത് സേവന മേഖലയിലെ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും സഹായിക്കും.

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമാണ് ഒമാൻ. ജിസിസി അംഗമായ യുഎഇയുമായി ഇന്ത്യക്ക് ഇതിനോടകം സമാനമായ കരാർ നിലവിലുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10 ബില്യൺ ഡോളറിലധികമായിരുന്നു.

പെട്രോളിയം ഉൽപ്പന്നങ്ങളും യൂറിയയുമാണ് ഇന്ത്യ പ്രധാനമായും ഒമാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. മൊത്തം ഇറക്കുമതിയുടെ 70 ശതമാനവും ഇവയാണ്. പ്രൊപ്പിലിൻ, എഥിലിൻ പോളിമറുകൾ, പെറ്റ് കോക്ക്, ജിപ്സം, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക് എന്നിവയാണ് മറ്റ് പ്രധാന ഇറക്കുമതി ഉൽപ്പന്നങ്ങൾ.