
ന്യൂ ഡൽഹി: രാജ്യത്ത് നടന്ന 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ ബിജെപി വ്യാപകമായ ക്രമക്കേട് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്റെ പക്കൽ “വോട്ട് മോഷണത്തിന്റെ” ‘ആറ്റം ബോംബ്’ തെളിവുകളുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച രാഹുൽ, ഇന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കമ്മീഷനും ബിജെപിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു.
കർണാടകയിലെ വോട്ടർ പട്ടിക ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രധാന ആരോപണങ്ങൾ. ബാംഗ്ലൂർ സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ സെഗ്‌മെന്റിൽ മാത്രം 6.5 ലക്ഷം വോട്ടർമാരിൽ ഒരു ലക്ഷത്തിലധികം വ്യാജ വോട്ടുകൾ കണ്ടെത്തിയതായി അദ്ദേഹം അവകാശപ്പെട്ടു. “കോൺഗ്രസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കർണാടകയിൽ മാത്രം 40,000-ൽ അധികം വ്യാജവും നിലവിലില്ലാത്തതുമായ വിലാസങ്ങൾ വോട്ടർ പട്ടികയിൽ കണ്ടെത്തിയിട്ടുണ്ട്,” രാഹുൽ പറഞ്ഞു.
ബാംഗ്ലൂർ സെൻട്രൽ മണ്ഡലത്തിൽ നേരിയ ഭൂരിപക്ഷത്തിനാണ് (32,707 വോട്ട്) ബിജെപി സ്ഥാനാർത്ഥി പി.സി മോഹൻ വിജയിച്ചത്. ഈ സാഹചര്യത്തിൽ, വ്യാജ വോട്ടുകൾ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ചുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനം
തിരഞ്ഞെടുപ്പ് കമ്മീഷൻ മനഃപൂർവം വോട്ടർ പട്ടികയുടെ ഡിജിറ്റൽ പതിപ്പ് നൽകാതെ, പരിശോധിക്കാൻ ഏറെ പ്രയാസമുള്ള പേപ്പർ രൂപത്തിലാണ് നൽകുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. “ഏഴടി നീളമുള്ള ഈ പേപ്പർ കൂമ്പാരത്തിൽ നിന്ന് ഒരു വ്യക്തി രണ്ടുതവണ വോട്ട് ചെയ്‌തോ എന്ന് കണ്ടെത്തുന്നത് അതീവ ദുഷ്കരമാണ്. ഇലക്ട്രോണിക് രൂപത്തിൽ ഡാറ്റ ലഭിച്ചാൽ, ഈ തട്ടിപ്പ് വെറും 30 സെക്കൻഡിനുള്ളിൽ കണ്ടെത്താനാകും. ഞങ്ങളുടെ കള്ളം കണ്ടെത്തരുത് എന്ന ഉദ്ദേശത്തോടെയാണ് കമ്മീഷൻ ഇങ്ങനെ ചെയ്യുന്നത്,” രാഹുൽ ആരോപിച്ചു.
വോട്ടർ തട്ടിപ്പിൽ പ്രതിഷേധിച്ച് കർണാടകയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഉടൻ ബഹുജന പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.