
കൊല്ലം: കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലിരിക്കെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട ലഹരിക്കേസ് പ്രതിയും ഇയാളെ രക്ഷപ്പെടാൻ സഹായിച്ച ഭാര്യയും തമിഴ്നാട്ടിൽ പിടിയിലായി. കല്ലുംതാഴം സ്വദേശി അജു മൻസൂർ, ഭാര്യ ബിൻഷ എന്നിവരെയാണ് തമിഴ്നാട്ടിലെ ധർമപുരം തോപ്പൂരിൽ വെച്ച് പോലീസ് പിടികൂടിയത്. ബസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു ഇരുവരെയും തോപ്പൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നിരവധി ലഹരിക്കേസുകളിൽ പ്രതിയായ അജു മൻസൂറിനെ കിളികൊല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച സ്റ്റേഷനിലെ നടപടിക്രമങ്ങൾക്കിടെ ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ഈ സമയം സ്റ്റേഷന് പുറത്ത് സ്കൂട്ടറുമായി കാത്തുനിൽക്കുകയായിരുന്ന ഭാര്യ ബിൻഷക്കൊപ്പം ഇയാൾ രക്ഷപ്പെട്ടു.
സിനിമാ സ്റ്റൈലിൽ നടന്ന ഈ രക്ഷപ്പെടലിന് പിന്നാലെ പോലീസ് ഇവർക്കായി വ്യാപകമായ തിരച്ചിൽ നടത്തുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതും തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ഇരുവരെയും പിടികൂടിയതും.