
തിരുവനന്തപുരം: ഓണക്കാലം അടുത്തുവരവേ, സപ്ലൈകോ ഔട്ട്ലെറ്റുകളിലെ സബ്‌സിഡി വെളിച്ചെണ്ണ വിതരണത്തിലെ വ്യവസ്ഥകൾ ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പവും അതൃപ്തിയും സൃഷ്ടിക്കുന്നു. ഒരു ലിറ്റർ വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ നൽകുമെന്നാണ് സർക്കാർ പ്രചാരണമെങ്കിലും, സബ്‌സിഡി ആനുകൂല്യം അര ലിറ്ററിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ, അര ലിറ്റർ പായ്ക്കറ്റ് മാത്രമായി വാങ്ങാൻ ഉപഭോക്താക്കൾക്ക് അവസരവുമില്ല.
ഒരു ലിറ്റർ വെളിച്ചെണ്ണയുടെ ഒരു പായ്ക്കറ്റിൽ, അര ലിറ്റർ സബ്‌സിഡി നിരക്കിലും ബാക്കി അര ലിറ്റർ സബ്‌സിഡിയില്ലാത്ത പൊതുവിപണി വിലയിലുമാണ് നൽകുന്നത്. ഇതുമൂലം സബ്‌സിഡിയുടെ പ്രയോജനം ലഭിക്കണമെങ്കിൽ ഉപഭോക്താവ് ഒരു ലിറ്റർ പായ്ക്കറ്റ് നിർബന്ധമായും വാങ്ങണം. വർഷങ്ങളായി ഈ രീതിയാണ് സപ്ലൈകോ പിന്തുടരുന്നത്.
സബ്‌സിഡി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപയ്ക്കും, സബ്‌സിഡിയില്ലാത്തത് 429 രൂപയ്ക്കും നൽകുമെന്നായിരുന്നു ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ പ്രഖ്യാപനം. ഇതനുസരിച്ച്, ഉപഭോക്താവ് വാങ്ങുന്ന ഒരു ലിറ്റർ പായ്ക്കറ്റിലെ ആദ്യത്തെ അര ലിറ്ററിന് 179 രൂപയും രണ്ടാമത്തെ അര ലിറ്ററിന് 219 രൂപയുമാണ് വില. ഈ രണ്ട് വിലകളും ചേർത്താണ് ഒരു ലിറ്ററിന് 349 രൂപ ഈടാക്കുന്നത്. എന്നാൽ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് പൂർണ്ണമായും സബ്‌സിഡിയുണ്ട് എന്ന് പലരും തെറ്റിദ്ധരിക്കാൻ ഇത് കാരണമാകുന്നുണ്ട്.
ഓണക്കാലത്തേക്കുള്ള പുതിയ സ്റ്റോക്ക് അടുത്തയാഴ്ചയോടെ സപ്ലൈകോയിൽ എത്തുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിൽ, സബ്‌സിഡി വിതരണത്തിലെ വ്യവസ്ഥകൾ കൂടുതൽ ലളിതവും സുതാര്യവുമാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.