BusinessTechnology

8500 കോടിയുടെ ഓഫർ മീര മുരാട്ടി നിരസിച്ചു; പിന്നാലെ ജീവനക്കാരെ റാഞ്ചാൻ സക്കർബർഗിന്റെ ‘ഓപ്പറേഷൻ’

സിലിക്കൺ വാലി: ഓപ്പൺഎഐ മുൻ ചീഫ് ടെക്നോളജി ഓഫീസർ മീര മുരാട്ടിയുടെ പുതിയ എഐ സ്റ്റാർട്ടപ്പ് ഏറ്റെടുക്കാനുള്ള മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ ശ്രമം പരാജയപ്പെട്ടു. ഏകദേശം 8500 കോടി രൂപയുടെ (1 ബില്യൺ ഡോളർ) വാഗ്ദാനം നിരസിച്ചതിന് പിന്നാലെ, മുരാട്ടിയുടെ ജീവനക്കാരെ വൻതുക നൽകി തങ്ങളുടെ പാളയത്തിലെത്തിക്കാൻ മെറ്റാ ശ്രമം ആരംഭിച്ചതായി ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്യുന്നു.

ഓപ്പൺഎഐയിൽ നിന്ന് പുറത്തിറങ്ങി മീര മുരാട്ടി സ്ഥാപിച്ച ‘തിങ്കിംഗ് മെഷീൻസ് ലാബ്’ എന്ന സ്റ്റാർട്ടപ്പാണ് സക്കർബർഗിന്റെ ഉറക്കം കെടുത്തുന്നത്. ഏറ്റെടുക്കൽ വാഗ്ദാനം മുരാട്ടി നിരസിച്ചതോടെ, കമ്പനിയിലെ പ്രധാനികളായ ജീവനക്കാരെ ലക്ഷ്യമിട്ട് മെറ്റാ ‘ഓപ്പറേഷൻ’ ആരംഭിക്കുകയായിരുന്നു. സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകനും പ്രമുഖ എഐ ഗവേഷകനുമായ ആൻഡ്രൂ ടല്ലോക്കിനെ റാഞ്ചാനായിരുന്നു പ്രധാന ശ്രമം. ആറ് വർഷത്തേക്ക് ഏകദേശം 1.5 ബില്യൺ ഡോളർ (ഏകദേശം 12,500 കോടി രൂപ) വരെ മൂല്യമുള്ള പാക്കേജാണ് മെറ്റാ ടല്ലോക്കിന് വാഗ്ദാനം ചെയ്തത്. എന്നാൽ സിലിക്കൺ വാലിയെപ്പോലും ഞെട്ടിച്ച ഈ ഭീമൻ ഓഫർ അദ്ദേഹം നിരസിച്ചു.

വാർത്തകൾ മെറ്റാ നിഷേധിച്ചെങ്കിലും, എഐ രംഗത്തെ മികച്ച പ്രതിഭകളെ സ്വന്തമാക്കാൻ ഏതറ്റം വരെയും പോകാൻ സക്കർബർഗ് തയ്യാറാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങൾ.

പണം മാത്രമല്ല പ്രധാനം

മെറ്റയിൽ ഒരു ദശാബ്ദത്തിലേറെ ജോലി ചെയ്ത ടല്ലോക്ക്, ഇന്ന് മെഷീൻ ലേണിംഗിൽ വ്യാപകമായി ഉപയോഗിക്കുന്ന പൈടോർച്ച് (PyTorch) വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്. പണത്തേക്കാളുപരി, ഒരു സ്ഥാപനത്തിന്റെ ലക്ഷ്യത്തിനും സംസ്കാരത്തിനും വിലകൽപ്പിക്കുന്ന ഗവേഷകർ എന്തുകൊണ്ടാണ് മെറ്റയുടെ ഓഫറുകൾ നിരസിക്കുന്നത് എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്.

ഓപ്പൺഎഐ, ആന്ത്രോപിക്, തിങ്കിംഗ് മെഷീൻസ് തുടങ്ങിയ കമ്പനികളിൽ കേവലം ഒരു ജോലിക്കപ്പുറം, നിർമ്മിത ബുദ്ധിയുടെ ഭാവിയെ ശരിയായ ദിശയിൽ നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പലരും പ്രവർത്തിക്കുന്നത്. പരസ്യവരുമാനത്തിനോ പദവിക്കോ അപ്പുറം, എഐ ഉയർത്തുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള ആശങ്കകളും ധാർമ്മികമായ സംവാദങ്ങളുമാണ് ഇവരെ ഒരുമിച്ച് നിർത്തുന്നത്. എത്ര വലിയ തുക നൽകിയും വാങ്ങാൻ കഴിയാത്ത ഒന്നാണ് ഈ ആത്മബന്ധവും ലക്ഷ്യബോധവും.

മീര മുരാട്ടി തന്റെ പുതിയ സ്റ്റാർട്ടപ്പിലും ഇതേ തൊഴിൽ സംസ്കാരമാണ് വളർത്തിയെടുക്കുന്നത്. അധികാരം കുറഞ്ഞ, പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു പ്രവർത്തന ശൈലിയാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെയാണ് ഫെബ്രുവരിയിൽ കമ്പനി സ്ഥാപിച്ചപ്പോൾ ഓപ്പൺഎഐയിൽ നിന്ന് 20-ൽ അധികം സഹപ്രവർത്തകർ അവരോടൊപ്പം ചേർന്നതും.

എത്ര പണം വാരിയെറിഞ്ഞാലും വിശ്വാസവും, കൂറും, ലക്ഷ്യബോധവുമുള്ള ഒരു ടീമിനെ വിലയ്ക്കെടുക്കാൻ കഴിയില്ലെന്ന് സക്കർബർഗ് തിരിച്ചറിയുന്ന നിമിഷങ്ങളാണിതെന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.

മലയാളം മീഡിയ ലൈവ് വാർത്തകള്‍ തല്‍സമയം ലഭിക്കാൻ ഔദ്യോഗിക വാട്ട്സാപ്പ് ചാനലില്‍ അംഗമാകൂ.. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.. https://whatsapp.com/channel/0029Vb6TpEe0LKZD61weOU1Q