
കൊല്ലം: കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്ന് എംഡിഎംഎ കേസ് പ്രതി ഭാര്യയുടെ സഹായത്തോടെ സിനിമാ സ്റ്റൈലിൽ രക്ഷപ്പെട്ടു. കൊല്ലം നഗരത്തിൽ എംഡിഎംഎ വിൽപ്പന നടത്തുന്ന അജി മൻസൂർ ആണ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിൽ കിളിക്കൊല്ലൂർ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി.
ഇന്നലെ കസ്റ്റഡിയിലെടുത്ത അജി മൻസൂറിനെ സ്റ്റേഷനിലെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് സംഭവം. സ്റ്റേഷന് പുറത്ത് സ്കൂട്ടറിൽ കാത്തുനിന്ന ഭാര്യ ബിനിഷക്കൊപ്പം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. രാത്രി മുഴുവൻ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സ്ഥലത്തില്ലാതിരുന്നതാണ് പ്രതിക്ക് രക്ഷപ്പെടാൻ സഹായകമായതെന്നാണ് പ്രാഥമിക നിഗമനം. ആദ്യം പ്രതി രക്ഷപ്പെട്ടില്ലെന്ന് പോലീസ് വാദിച്ചെങ്കിലും, ദൃശ്യങ്ങളും വിവരങ്ങളും പുറത്തുവന്നതോടെ സംഭവം സ്ഥിരീകരിക്കുകയായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.