
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിന്റെ അടുത്ത സഹായിയും നിരവധി കേസുകളിൽ പ്രതിയുമായ കരുൺ ശിവദാസിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ മധുക്കരയിൽ കാർ യാത്രക്കാരെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലാണ് അറസ്റ്റ്. കേരള പോലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനൊടുവിൽ തൃപ്പൂണിത്തുറ പേട്ടയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.
മധുക്കരയിൽ വെച്ച് കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ മുഖ്യ പ്രതികളിലൊരാളാണ് കരുൺ ശിവദാസ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി തമിഴ്‌നാട് പോലീസ് കേരളത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ നടന്ന കരുണിന്റെ ആർഭാട വിവാഹത്തിൽ മരട് അനീഷ് ഉൾപ്പെടെയുള്ള നിരവധി കുപ്രസിദ്ധ ഗുണ്ടകൾ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. ഇതോടെ ഇയാൾ പോലീസിന്റെ കർശന നിരീക്ഷണത്തിലായി.
കരുണിനെ പിടികൂടിയത് സ്വർണ്ണക്കവർച്ചാ കേസിലെ നിർണായക വഴിത്തിരിവായാണ് പോലീസ് കാണുന്നത്. ഈ കേസിൽ മരട് അനീഷിന്റെ പങ്കാളിത്തം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും.