
തിരുവനന്തപുരം: നഗരത്തിലേക്ക് എംഡിഎംഎ കടത്തിയ കേസിന്റെ ഉറവിടം തേടിപ്പോയ കേരള പോലീസിന്റെ അന്വേഷണം ചെന്നെത്തിയത് ബെംഗളൂരുവിലെ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയിലേക്ക്. ലഹരിമാഫിയയുടെ പ്രധാന കണ്ണിയായി പ്രവർത്തിച്ചുവന്ന പാലാ സ്വദേശിനി അനുവിനെ തിരുവനന്തപുരം ഫോർട്ട് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിൽ വെച്ച് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം മുട്ടത്തറ സ്വദേശി ഗോപകുമാറിനെ 32 ഗ്രാം എംഡിഎംഎയുമായി ഫോർട്ട് പോലീസും ഡാൻസാഫ് (DANSF) സംഘവും ചേർന്ന് പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്നിന്റെ ഉറവിടം ബെംഗളൂരുവിലുള്ള അനുവാണെന്ന് വിവരം ലഭിച്ചത്.
തുടർന്ന് ഫോർട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗോപകുമാറുമായി ബെംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു. അവിടെ പല സ്ഥലങ്ങളിലായി പേയിംഗ് ഗസ്റ്റായി മാറിമാറി താമസിച്ച് ലഹരി വിൽപ്പന നടത്തിവന്നിരുന്ന അനുവിനെ പോലീസ് തന്ത്രപരമായി പിടികൂടി.
നഴ്സിംഗ് പഠനത്തിനായി ബെംഗളൂരുവിലെത്തിയ അനു, ലഹരി ഉപയോഗം തുടങ്ങുകയും പിന്നീട് ലഹരിമാഫിയയുടെ ഭാഗമാവുകയുമായിരുന്നു. സോഷ്യൽ മീഡിയ വഴി യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് അവരെ ലഹരിക്കടത്തിനുള്ള കാരിയർമാരായി ഉപയോഗിക്കുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ കൂടുതൽ കണ്ണികളെക്കുറിച്ച് അന്വേഷണം തുടരുകയാണ്.