CrimeNews

കവർച്ച മുതൽ കൊണ്ട് മദ്യ സൽക്കാരം; കോയമ്പത്തൂരിൽ മലയാളി യുവാവ് പിടിയിൽ

കോയമ്പത്തൂർ: റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന മലയാളി യുവാവ് അറസ്റ്റിൽ. കോഴിക്കോട് വെള്ളയിൽ സ്വദേശി സയ്യിദ് അഹമ്മദ് മുബീൻ (43) ആണ് പിടിയിലായത്. കവർച്ച ചെയ്ത പണം ഉപയോഗിച്ച് മദ്യപിച്ച് ആഘോഷിക്കുന്നതിനിടെയാണ് ഇയാൾ റെയിൽവേ പോലീസിന്റെ പിടിയിലാകുന്നത്.

ചെന്നൈ സ്വദേശിയായ വിജയ് നാഗരാജ് എന്നയാളുടെ ബാഗാണ് ഇയാൾ മോഷ്ടിച്ചത്. ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറിയപ്പോഴാണ് വിജയ് നാഗരാജിന് തന്റെ ബാഗ് നഷ്ടമായ വിവരം അറിയുന്നത്. ആപ്പിൾ ലാപ്ടോപ്പ്, എയർപോഡ്, ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക്, പണം എന്നിവയടങ്ങിയ ബാഗാണ് മോഷണം പോയത്. ഉടൻ തന്നെ വിജയ് നാഗരാജ് റെയിൽവേ പോലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞ പോലീസ്, ഇയാൾ സ്റ്റേഷന് പുറത്തേക്ക് പോകുന്നതും സമീപത്തുള്ള ബാറിലേക്ക് കയറുന്നതും കണ്ടെത്തി. തുടർന്ന് ബാറിലെത്തിയ പോലീസ് സംഘം സയ്യിദ് അഹമ്മദ് മുബീനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച പണം ഉപയോഗിച്ച് മദ്യപിച്ച് ആഘോഷിക്കാനാണ് ബാറിലെത്തിയതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

കോയമ്പത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.