
കൊച്ചി: രാജ്യത്തെ പ്രമുഖ ജൂവലറി റീട്ടെയ്ൽ ശൃംഖലയായ കല്യാൺ ജ്വല്ലേഴ്സ് ഈ സാമ്പത്തിക വർഷം (2025-26) 170 പുതിയ ഷോറൂമുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തുമായി ഫ്രാഞ്ചൈസി മാതൃകയിലായിരിക്കും പ്രധാനമായും പുതിയ ഷോറൂമുകൾ ആരംഭിക്കുക. ഈ വികസന പദ്ധതിയിലൂടെ കമ്പനിയുടെ കടബാധ്യത കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ അറിയിച്ചു.
പുതിയ 170 ഷോറൂമുകളിൽ 90 എണ്ണം കല്യാൺ ബ്രാൻഡിലായിരിക്കും. ഇതിൽ ഏഴെണ്ണം യുകെ, യുഎസ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ വിദേശ വിപണികളിലാണ് തുറക്കുക. കല്യാണിന്റെ ലൈഫ് സ്റ്റൈൽ ജൂവലറി ബ്രാൻഡായ ‘കാൻഡിയറി’ന്റെ 80 പുതിയ സ്റ്റോറുകളും ഈ വർഷം പ്രവർത്തനം ആരംഭിക്കും.
ദക്ഷിണേന്ത്യക്ക് പുറത്തുള്ള ടയർ I, II, III, IV നഗരങ്ങളിലായിരിക്കും ഇന്ത്യയിലെ വികസനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫ്രാഞ്ചൈസി മാതൃകയിലേക്ക് മാറുന്നതിലൂടെ ലഭിക്കുന്ന അധിക പണം കമ്പനിയുടെ കടം കുറയ്ക്കാൻ ഉപയോഗിക്കുമെന്ന് രമേഷ് കല്യാണരാമൻ പിടിഐയോട് പറഞ്ഞു.
2025 ജൂൺ 30-ലെ കണക്കനുസരിച്ച് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി കല്യാൺ ജ്വല്ലേഴ്സിന് 406 ഷോറൂമുകളാണുള്ളത്. പുതിയ 170 ഷോറൂമുകൾ കൂടി വരുന്നതോടെ റീട്ടെയ്ൽ രംഗത്ത് കല്യാൺ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കും.