
ന്യൂഡൽഹി: 17,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെ ഡൽഹിയിലെ ഇഡി ഓഫീസിൽ ഹാജരായ അനിൽ അംബാനിയെ പ്രത്യേക സംഘം ചോദ്യം ചെയ്യുകയാണ്. ഓഗസ്റ്റ് ഒന്നിന് നൽകിയ സമൻസിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഹാജരായത്.
യെസ് ബാങ്കിൽ നിന്ന് 2017-19 കാലയളവിൽ 3000 കോടി രൂപയുടെ വായ്പ അനധികൃതമായി നേടിയെടുക്കുകയും അത് വകമാറ്റുകയും ചെയ്തുവെന്നതാണ് പ്രധാന കേസ്. ഇതിനുപുറമെ, മറ്റ് വിവിധ ബാങ്കുകളിൽ നിന്നായി 14,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.
കഴിഞ്ഞ മാസം ഡൽഹിയിലും മുംബൈയിലുമായി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള 35-ഓളം ഓഫീസുകളിൽ ഇഡി വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ വിവിധ ബാങ്കുകളിൽ നിന്ന് വായ്പ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച ശേഷമാണ് അനിൽ അംബാനിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. അദ്ദേഹം രാജ്യം വിട്ടുപോകാതിരിക്കാൻ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.