CrimeNews

ദിയ കൃഷ്ണയുടെ കടയിലെ ജീവനക്കാർ 40 ലക്ഷത്തിൻ്റെ തട്ടിപ്പ് സമ്മതിച്ചു

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ കടയിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ജീവനക്കാർ കുറ്റം സമ്മതിച്ചു. ക്രൈംബ്രാഞ്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് കടയിലെ ജീവനക്കാരായ ദിവ്യ, രാധാകുമാരി, വിനീത എന്നിവർ തട്ടിപ്പ് നടത്തിയതായി സമ്മതിച്ചത്. കടയിലെ ക്യുആർ കോഡ് മാറ്റി സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചായിരുന്നു തട്ടിപ്പ്.

കടയിൽ സാധനം വാങ്ങാനെത്തുന്ന ഉപഭോക്താക്കൾക്ക് നൽകുന്ന ക്യുആർ കോഡിന് പകരം ജീവനക്കാർ തങ്ങളുടെ വ്യക്തിഗത അക്കൗണ്ടുകളുടെ ക്യുആർ കോഡ് നൽകിയാണ് പണം തട്ടിയത്.

ഒരു ദിവസം രണ്ട് ലക്ഷം രൂപ വരെ ഇത്തരത്തിൽ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. നികുതി വെട്ടിപ്പ് കൂടി ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. അക്കൗണ്ടിലെത്തിയ പണം എടിഎം വഴി പിൻവലിച്ച് പിന്നീട് പണമായി തിരികെ നൽകുകയായിരുന്നു രീതി.

Diya Krishna - Oh By Ozy

തട്ടിയെടുത്ത പണം ഉപയോഗിച്ച് ജീവനക്കാർ സ്വർണവും സ്കൂട്ടറും വാങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. പ്രതികളിലൊരാളായ രാധയുടെ സ്കൂട്ടർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. വാങ്ങിയ സ്വർണാഭരണങ്ങൾ വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെച്ചിരിക്കുകയാണ്. ഈ സ്ഥാപനങ്ങൾക്ക് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.