News

ശമ്പളം മുടങ്ങിയ അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യ; ഉദ്യോഗസ്ഥർക്ക് കൂട്ട സസ്പെൻഷൻ

തിരുവനന്തപുരം: മകന്റെ എഞ്ചിനീയറിംഗ് പ്രവേശനത്തിന് പണം കണ്ടെത്താനാവാതെ പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ കടുത്ത നടപടി.

അധ്യാപികയുടെ ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ (DEO) മൂന്ന് ഉദ്യോഗസ്ഥരെയും സ്കൂൾ പ്രധാനാധ്യാപികയെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

പത്തനംതിട്ട ഡി.ഇ.ഒ ഓഫീസിലെ പി.എ എൻ.ജി. അനിൽകുമാർ, സൂപ്രണ്ട് എസ്. ഫിറോസ്, സെക്ഷൻ ക്ലർക്ക് ആർ. ബിനി എന്നിവരെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. നാറാണമൂഴി സെന്റ് ജോസഫ് ഹൈസ്കൂളിലെ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യാൻ സ്കൂൾ മാനേജ്മെന്റിന് നിർദ്ദേശം നൽകിയിട്ടുമുണ്ട്.

വി.ടി. ഷിജോ

അധികൃതരുടെ വീഴ്ച, പൊലിഞ്ഞത് ഒരു ജീവൻ

അത്തിക്കയം സ്വദേശി വി.ടി. ഷിജോയെ (47) ഞായറാഴ്ചയാണ് വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷിജോയുടെ ഭാര്യയും നാറാണമൂഴി സെന്റ് ജോസഫ് ഹൈസ്കൂളിലെ അധ്യാപികയുമായ ലേഖ രവീന്ദ്രന് 12 വർഷമായി ശമ്പളം ലഭിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന്, 2024 നവംബർ 26-ന് മൂന്നു മാസത്തിനുള്ളിൽ ശമ്പള കുടിശ്ശിക നൽകാൻ ഉത്തരവിട്ടിരുന്നു.

എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഡി.ഇ.ഒ ഓഫീസിലെ ഉദ്യോഗസ്ഥർ ഫയലിൽ നടപടിയെടുക്കാതെ വെച്ച് താമസിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനിടെ മകന് ഈറോഡിലെ എഞ്ചിനീയറിംഗ് കോളേജിൽ പ്രവേശനം ലഭിച്ചപ്പോൾ പണമടയ്ക്കാൻ കഴിയാതെ വന്നതിലുള്ള മനോവിഷമത്തിലാണ് ഷിജോ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

“വച്ചുപൊറുപ്പിക്കില്ല” – മന്ത്രിയുടെ ഇടപെടൽ

സംഭവം അങ്ങേയറ്റം വേദനാജനകമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. “മരിച്ചയാളുടെ പിതാവുമായി സംസാരിച്ചു. നടപടികൾക്ക് കാലതാമസം നേരിട്ടെങ്കിൽ അത് ഗുരുതരമായ വീഴ്ചയാണ്. ഒരു തരത്തിലും വച്ചുപൊറുപ്പിക്കാനാവില്ല,” മന്ത്രി പറഞ്ഞു.

കോടതിവിധി ശ്രദ്ധയിൽപ്പെട്ട ഉടൻ നടപടിക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നും ഇത്തരമൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ അടിയന്തര ഇടപെടലിന് പിന്നാലെയാണ് സസ്പെൻഷൻ നടപടികൾ ഉണ്ടായത്.