CrimeNews

ഭാര്യയുടെ നമ്പർ ശുചിമുറിയിൽ എഴുതിവെച്ചു; പുല്ലാട് യുവതിയെ കുത്തിക്കൊന്ന ഭർത്താവിനായി തിരച്ചിൽ

പത്തനംതിട്ട: ജില്ലയെ നടുക്കി പുല്ലാട് യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. പുല്ലാട് സ്വദേശിനി ശാരിമോൾ (38) ആണ് മരിച്ചത്. ബ്യൂട്ടിപാർലർ ജീവനക്കാരിയായ ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശാരിമോളെ രക്ഷിക്കാൻ ശ്രമിച്ച മാതാപിതാക്കളായ ശശി, രാധാമണി എന്നിവർക്കും കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് ജയകുമാറിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

കൊടുംക്രൂരതയുടെ പിന്നാമ്പുറം

വെൽഡിങ് തൊഴിലാളിയായ ജയകുമാറിന് ഭാര്യയുടെ ജോലി സംബന്ധിച്ച് സംശയങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഇതിനു മുൻപും ജയകുമാറിന്റെ പീഡനം സഹിക്കവയ്യാതെ ശാരിമോൾ കോയിപ്രം പോലീസിൽ പലതവണ പരാതി നൽകിയിട്ടുണ്ട്.

ഭാര്യയെ അപമാനിക്കുന്നതിനായി പത്തനംതിട്ടയിലെ ഒരു പൊതു ശുചിമുറിയിൽ ജയകുമാർ ശാരിമോളുടെ ഫോൺ നമ്പർ എഴുതിവെച്ച സംഭവവും മുൻപുണ്ടായി. അപരിചിതരിൽ നിന്ന് നിരന്തരം ഫോൺ കോളുകൾ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തറിഞ്ഞത്.

കൊലപാതകത്തിലേക്ക് നയിച്ച രാത്രി

മാസങ്ങളായി ശാരിമോളുടെ വീട്ടിലാണ് ജയകുമാർ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇതിനിടെ ജയകുമാർ കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ശാരിമോളെ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ മാതാപിതാക്കൾക്കും ആക്രമണത്തിൽ പരിക്കേറ്റു.

രാത്രി പത്ത് മണിയോടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടന്ന മൂവരെയും ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലർച്ചയോടെ ശാരിമോൾ മരണത്തിന് കീഴടങ്ങി. ശാരിമോളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് നടക്കും. ഒളിവിൽപ്പോയ ജയകുമാറിനെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചു.