BusinessNews

ഫെഡറൽ ബാങ്ക്: മൊത്തം ബിസിനസ് 5.28 ലക്ഷം കോടി കവിഞ്ഞു; ഇനി ഇന്ത്യയിലെ ആറാമത്തെ വലിയ സ്വകാര്യ ബാങ്ക്

കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ റെക്കോർഡ് പ്രകടനം കാഴ്ചവെച്ച് കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്ക്. മൊത്തം ബിസിനസ് 5,28,640.65 കോടി രൂപയായി ഉയർന്നതോടെ, രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ ബാങ്ക് എന്ന പദവി ഫെഡറൽ ബാങ്ക് സ്വന്തമാക്കി. ബാങ്കിംഗ് മേഖലയിലെ കടുത്ത മത്സരങ്ങൾക്കിടയിലും നിക്ഷേപത്തിലും വായ്പയിലും മികച്ച വളർച്ച കൈവരിക്കാൻ ബാങ്കിനായി.

ജൂൺ 30-ന് അവസാനിച്ച ആദ്യ പാദത്തിൽ ബാങ്കിന്റെ പ്രവർത്തന ലാഭം 1556.29 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിലെ 1027.51 കോടിയിൽ നിന്ന് 10.63% ഇടിവോടെ, 918.32 കോടി രൂപയാണ് ഇത്തവണത്തെ അറ്റാദായം.

കാർഷിക-മൈക്രോ ഫിനാൻസ് വായ്പകളിലുണ്ടായ കുടിശ്ശികയാണ് അറ്റാദായത്തിൽ നേരിയ കുറവുണ്ടാകാൻ കാരണമായതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. അതേസമയം, ബാങ്കിന്റെ മൊത്തം പ്രവർത്തന വരുമാനം 6.29% വർധിച്ച് 7150.84 കോടി രൂപയിലെത്തി.

വായ്പയിലും നിക്ഷേപത്തിലും കുതിപ്പ്

ബാങ്കിന്റെ മൊത്തം നിക്ഷേപം മുൻ വർഷത്തെ അപേക്ഷിച്ച് 8.03% വർധിച്ച് 2,87,436.31 കോടി രൂപയായി. ആകെ വായ്പകൾ 9.24% വളർച്ചയോടെ 2,41,204.34 കോടി രൂപയായും ഉയർന്നു. റീട്ടെയിൽ വായ്പകളിൽ 15.64 ശതമാനവും വാണിജ്യ ബാങ്കിങ് വായ്പകളിൽ 30.28 ശതമാനവും വർധന രേഖപ്പെടുത്തി.

ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയിലും മികച്ച നിയന്ത്രണം നിലനിർത്താനായി. മൊത്ത നിഷ്ക്രിയ ആസ്തി (Gross NPA) മൊത്തം വായ്പകളുടെ 1.91% ശതമാനവും, അറ്റ നിഷ്ക്രിയ ആസ്തി (Net NPA) 0.48% ശതമാനവുമാണ്.

പ്രതീക്ഷയോടെ മുന്നോട്ട്: എംഡി

പൊതുവെ വളർച്ച കുറയുന്ന ആദ്യ പാദത്തിലും കൊമേഴ്സ്യൽ ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, സ്വർണ്ണപ്പണയം തുടങ്ങിയ മേഖലകളിൽ മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചതായി ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ കെ.വി.എസ്. മണിയൻ പറഞ്ഞു. “കാർഷിക-മൈക്രോ ഫിനാൻസ് വായ്പകളിലെ തിരിച്ചടവ് വരും ദിവസങ്ങളിൽ സുഗമമാകുമെന്നാണ് പ്രതീക്ഷ. റിസ്‌കിലും ലാഭക്ഷമതയിലും അച്ചടക്കം പാലിച്ച് രണ്ടാം പാദത്തിൽ മികച്ച വളർച്ച നേടാനാകുമെന്ന് ആത്മവിശ്വാസമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

16.03% മൂലധന പര്യാപ്തതാ അനുപാതമുള്ള ബാങ്കിന് നിലവിൽ രാജ്യത്തുടനീളം 1,591 ബാങ്കിംഗ് ഔട്ട്‌ലെറ്റുകളും 2093 എടിഎമ്മുകളും സിഡിഎമ്മുകളുമുണ്ട്.