
‘അരമനയിൽ കേക്കുമായി വന്നവർ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: കന്യാസ്ത്രീകള്‍ക്ക് എതിരായ എഫ്.ഐ.ആര്‍ റദ്ദാക്കുന്നതു വരെയുള്ള നിയമ പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസും യു.ഡി.എഫും പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അരമനകളില്‍ കേക്കുമായി എത്തിയവരുടെ മനസിലിരുപ്പ് എന്തായിരുന്നെന്ന് ഇപ്പോള്‍ കേരളത്തിലെ എല്ലാവര്‍ക്കും ബോധ്യമായി; ഭിന്നിപ്പിന്റെ രാഷ്ട്രീയം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കെതിരെ സര്‍വശക്തിയും ഉപയോഗിച്ച് പോരാടുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ക്രിസ്മസ് കാലത്ത് കേരളത്തിലെ അരമനകളിൽ കേക്കുമായി എത്തിയ ബിജെപി നേതാക്കൾ ആട്ടിൻതോലിട്ട ചെന്നായ്ക്കളാണെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായെന്ന് അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകൾക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കുന്നത് വരെയുള്ള നിയമപോരാട്ടങ്ങൾക്ക് കോൺഗ്രസും യു.ഡി.എഫും എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ചെയ്യാത്ത കുറ്റത്തിനാണ് രണ്ട് കന്യാസ്ത്രീകൾ ഒൻപത് ദിവസം ജയിലിൽ കഴിഞ്ഞത്. ഇത് രാജ്യത്ത് ക്രൈസ്തവർക്കെതിരായ 834-ാമത്തെ ആക്രമണമാണ്. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാതിരിക്കാൻ ഛത്തീസ്ഗഡിലെ സർക്കാർ അഭിഭാഷകർ ശക്തമായി വാദിച്ചു. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ മുഖംമൂടിയാണ് ഈ സംഭവത്തിലൂടെ വലിച്ചുകീറപ്പെട്ടത്,” സതീശൻ പറഞ്ഞു.
സഭാ വസ്ത്രം ധരിച്ച് വൈദികർക്കോ കന്യാസ്ത്രീകൾക്കോ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും ഭരണഘടന നൽകുന്ന സംരക്ഷണം ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. കന്യാസ്ത്രീകൾക്ക് വേണ്ട നിയമസഹായങ്ങൾക്കായി ഛത്തീസ്ഗഡിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ച എംഎൽഎമാരായ റോജി എം. ജോണിനെയും സജീവ് ജോസഫിനെയും അദ്ദേഹം അഭിനന്ദിച്ചു.
കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തി മൂന്നാമത്തെ ആഴ്ച ബിജെപി കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം റദ്ദാക്കിയ കാര്യം ഓർമ്മിപ്പിച്ച സതീശൻ, കോൺഗ്രസിന്റെ കാപട്യമില്ലാത്ത നിലപാട് അതാണെന്ന് ചൂണ്ടിക്കാട്ടി. കേരളത്തിൽ മതസ്പർധയുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബിജെപിയുടെ ശ്രമം പരാജയപ്പെട്ടു. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസും യു.ഡി.എഫും സർവശക്തിയും ഉപയോഗിച്ച് പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.