FinanceKerala Government NewsNews

5000 കോടിയുടെ IGST നഷ്ടം; നികുതി പിരിവിൽ കേരളം ബഹുദൂരം പിന്നോട്ട്, വളർച്ചാ നിരക്ക് 5 ശതമാനത്തിൽ താഴെ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോൾ, നികുതി വരുമാന വളർച്ചയിൽ കേരളം ബഹുദൂരം പിന്നോട്ട് പോകുന്നതായി കണക്കുകൾ. മുൻ സർക്കാരിന്റെ കാലത്ത് ശരാശരി 20 ശതമാനമുണ്ടായിരുന്ന നികുതി വളർച്ചാ നിരക്ക്, സമീപ വർഷങ്ങളിൽ 10 ശതമാനത്തിൽ താഴെയും, പലപ്പോഴും 5 ശതമാനത്തിൽ താഴെയും എത്തി. 2025 മാർച്ചിലെ നികുതി വരുമാന വളർച്ച കേവലം 4.07% മാത്രമായിരുന്നു.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് GST നടപ്പാക്കുമ്പോൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുമെന്നായിരുന്നു പ്രവചനം. എന്നാൽ, ജിഎസ്ടി റിട്ടേണുകൾ കൃത്യമായി പരിശോധിക്കാത്തത് വഴി പ്രതിവർഷം കുറഞ്ഞത് 5000 കോടി രൂപയുടെ ഐജിഎസ്ടി (IGST) വിഹിതം സംസ്ഥാനത്തിന് നഷ്ടമാകുന്നതായി സർക്കാർ നിയോഗിച്ച എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റിയും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടും നടത്തിയ പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

GST തിരിച്ചടിയായതെങ്ങനെ?

2017-ൽ ജിഎസ്ടി നടപ്പിലായതോടെ സംസ്ഥാന അതിർത്തികളിലെ ചെക്ക്പോസ്റ്റുകൾ ഇല്ലാതായി. ഇത് നികുതി വെട്ടിപ്പിന് വ്യാപകമായ അവസരമൊരുക്കി. പുതിയ നികുതി സമ്പ്രദായത്തിനനുസരിച്ച് വകുപ്പ് പുനഃസംഘടിപ്പിക്കാൻ വൈകിയത് വെട്ടിപ്പുകാരെ കണ്ടെത്താനും നടപടിയെടുക്കാനും തടസ്സമായി. 2023 ജനുവരിയിൽ വകുപ്പ് പുനഃസംഘടിപ്പിച്ചെങ്കിലും, പരിശോധനകൾക്കായി ഉണ്ടായിരുന്ന എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകളുടെ എണ്ണം വെട്ടിക്കുറച്ചത് ബില്ലില്ലാത്ത കച്ചവടം പെരുകാൻ കാരണമായി.

വകുപ്പുതലത്തിലെ വീഴ്ചകൾ

നികുതി വകുപ്പിലെ കെടുകാര്യസ്ഥതയും ഘടനാപരമായ മാറ്റങ്ങളിലെ കാലതാമസവുമാണ് വരുമാനം കുറയാൻ പ്രധാന കാരണം. ജിഎസ്ടി രജിസ്‌ട്രേഷനുകളുടെ എണ്ണം വർധിപ്പിക്കുന്നതിൽ വകുപ്പ് പരാജയപ്പെട്ടു. നിലവിൽ കേരളത്തിൽ 3.5 ലക്ഷം ജിഎസ്ടി രജിസ്‌ട്രേഷനുകൾ മാത്രമാണുള്ളത്. ഇത് സംസ്ഥാനത്തിന്റെ യഥാർത്ഥ വ്യാപാര സാധ്യതകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. അഴിമതി ആരോപണവിധേയരായ ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളിൽ നിയമിച്ചതും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

2023 ജൂലൈ വരെ, ജിഎസ്ടി വരുമാന വളർച്ച 14 ശതമാനത്തിൽ കുറവാണെങ്കിൽ കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകിയിരുന്നു. പ്രളയത്തിന്റെയും കോവിഡിന്റെയും കാലത്ത് ഈ നഷ്ടപരിഹാരം സംസ്ഥാനത്തിന് വലിയ ആശ്വാസമായിരുന്നു. എന്നാൽ, നഷ്ടപരിഹാരം അവസാനിച്ചതോടെ, നികുതി പിരിവിലെ കാര്യക്ഷമതയില്ലായ്മ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിച്ചു തുടങ്ങിയിരിക്കുകയാണ്.