
വേനലവധി മാറ്റം എളുപ്പമല്ല; കേരളം ദേശീയ ചട്ടക്കൂടിന് പുറത്താകും, മുന്നിൽ കടമ്പകളേറെ
തിരുവനന്തപുരം: സ്കൂളുകളിലെ ഏപ്രിൽ-മേയ് മാസങ്ങളിലെ വേനലവധി മഴക്കാലത്തേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തുടക്കമിട്ടെങ്കിലും, ഈ നിർദ്ദേശം നടപ്പാക്കുന്നതിന് മുന്നിൽ സർക്കാരിന് വെല്ലുവിളികളേറെ. കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ (KER) ഭേദഗതി വരുത്തേണ്ടത് മുതൽ ദേശീയതലത്തിലുള്ള മത്സരപ്പരീക്ഷകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ വരെ നീളുന്നതാണ് തടസ്സങ്ങളുടെ പട്ടിക.
ഖാദർ കമ്മിറ്റി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ വിദഗ്ദ്ധ സമിതികളൊന്നും ഇത്തരമൊരു നിർദ്ദേശം മുൻപ് മുന്നോട്ട് വെച്ചിട്ടില്ലാത്തതിനാൽ, വിഷയം പഠിക്കാൻ പുതിയൊരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കേണ്ടി വരും. നിലവിൽ, പൊതുജനാഭിപ്രായം അറിയിക്കാൻ ഔദ്യോഗിക സംവിധാനങ്ങളൊന്നും സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങളിലൂടെ വരുന്ന പ്രതികരണങ്ങളും ഇ-മെയിൽ വഴി ലഭിക്കുന്ന അഭിപ്രായങ്ങളും മാത്രമാണ് സർക്കാരിന് മുന്നിലുള്ളത്.
പ്രധാന വെല്ലുവിളികൾ:
- ദേശീയ ചട്ടക്കൂടിൽ നിന്നുള്ള വ്യതിചലനം: കേരളം സ്വന്തമായി അധ്യയന വർഷത്തിലും അവധിയിലും മാറ്റം വരുത്തിയാൽ ദേശീയ വിദ്യാഭ്യാസ സംവിധാനവുമായി പൊരുത്തപ്പെടാനാവാത്ത സാഹചര്യം വരും.
- മത്സരപ്പരീക്ഷകൾ: പ്ലസ് ടു കഴിഞ്ഞ് ദേശീയതലത്തിൽ നടക്കുന്ന മെഡിക്കൽ-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളും (NEET, JEE), സർവ്വകലാശാലാ പ്രവേശന പരീക്ഷകളും (CUET) നിലവിലെ ഏപ്രിൽ-മേയ് അവധിക്കാലം അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. കേരളത്തിലെ മാത്രം അവധിക്കാല മാറ്റം വിദ്യാർത്ഥികളുടെ അവസരങ്ങളെ സാരമായി ബാധിക്കും.
- കടുത്ത വേനൽ: അവധിക്കാലം മാറ്റി ഏപ്രിൽ-മേയ് മാസങ്ങളിൽ ക്ലാസുകൾ വെക്കുന്നത് കനത്ത ചൂടിൽ കുട്ടികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും.
- നിയമപരമായ കടമ്പ (KER ഭേദഗതി): സ്കൂളുകൾ മാർച്ച് അവസാന പ്രവൃത്തി ദിവസം അടച്ച് ജൂൺ ആദ്യ പ്രവൃത്തി ദിവസം തുറക്കണമെന്നാണ് കേരള വിദ്യാഭ്യാസ ചട്ടത്തിലെ വ്യവസ്ഥ. ഇതിൽ സ്ഥിരമായ മാറ്റം വരുത്തണമെങ്കിൽ നിയമസഭയിൽ കെ.ഇ.ആർ. ഭേദഗഗതി ചെയ്യണം. ഒരു വർഷത്തേക്ക് മാത്രമായി മാറ്റം വരുത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് മതിയാകും.
പൊതുജനാഭിപ്രായം തേടാൻ പ്രത്യേക സംവിധാനം വേണമോയെന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിട്ടുള്ളത്.