FinanceNews

6017 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇനിയും തിരികെയെത്തിയില്ലെന്ന് RBI; മാറ്റിയെടുക്കാൻ അവസരമുണ്ട്

തിരുവനന്തപുരം: രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ച് രണ്ട് വർഷം പിന്നിടുമ്പോഴും, 6,017 കോടി രൂപയുടെ നോട്ടുകൾ ഇനിയും പ്രചാരത്തിലുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). 2025 ഓഗസ്റ്റ് 1, വെള്ളിയാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണിത്. നോട്ടുകൾക്ക് ഇപ്പോഴും നിയമസാധുതയുണ്ടെന്നും പൊതുജനങ്ങൾക്ക് ഇവ മാറ്റിയെടുക്കാൻ അവസരമുണ്ടെന്നും ആർബിഐ വ്യക്തമാക്കി.

2023 മെയ് 19-നാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. അന്ന് 3.56 ലക്ഷം കോടി രൂപയുടെ 2000 രൂപാ നോട്ടുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. 2025 ജൂലൈ 31-ലെ കണക്കനുസരിച്ച് ഇത് 6,017 കോടി രൂപയായി കുറഞ്ഞു. ഇതോടെ, പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ 98.31 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരികെയെത്തിയതായി ആർബിഐ പ്രസ്താവനയിൽ അറിയിച്ചു.

നോട്ടുകൾ എങ്ങനെ മാറ്റിയെടുക്കാം?

2000 രൂപയുടെ നോട്ടുകൾ കൈവശമുള്ളവർക്ക് ആശങ്ക വേണ്ടെന്നും അവ മാറ്റിയെടുക്കാൻ വിവിധ മാർഗ്ഗങ്ങൾ നിലവിലുണ്ടെന്നും റിസർവ് ബാങ്ക് അറിയിച്ചു.

  1. ആർബിഐ ഇഷ്യൂ ഓഫീസുകൾ: രാജ്യത്തുടനീളമുള്ള റിസർവ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളിൽ നോട്ടുകൾ നേരിട്ടെത്തി കൈമാറ്റം ചെയ്യാം. തിരുവനന്തപുരത്തും ആർബിഐയുടെ ഇഷ്യൂ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്.
  2. ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാം: ഈ ഓഫീസുകളിൽ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നോട്ടുകൾ നിക്ഷേപിക്കാനും സൗകര്യമുണ്ട്.
  3. തപാൽ വഴി: രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും 2000 രൂപ നോട്ടുകൾ ആർബിഐയുടെ ഏതെങ്കിലും ഇഷ്യൂ ഓഫീസിലേക്ക് അയച്ച് ബാങ്ക് അക്കൗണ്ടിൽ വരവ് വെക്കാവുന്നതാണ്.

തിരുവനന്തപുരത്തെ പാളയത്തുള്ള ആർബിഐ ഓഫീസ് ഉൾപ്പെടെ അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ആർബിഐയുടെ ഇഷ്യൂ ഓഫീസുകൾ പ്രവർത്തിക്കുന്നത്.