NewsPolitics

ഗവർണർ ഒഴിവില്ല ! പത്മജ വേണുഗോപാൽ വട്ടിയൂർക്കാവിലേക്ക്

വട്ടിയൂർക്കാവിൽ പത്മജ ഇറങ്ങും. വട്ടിയൂർക്കാവിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി പത്മജ വേണുഗോപാലിൻ്റെ പേര് സജീവ പരിഗണനയിൽ .

കോൺഗ്രസ് നേതാവായ പത്മജ വേണുഗോപാൽ 2024 മാർച്ചിലാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേക്കേറിയത്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ മത്സരിച്ച പത്മജ 946 വോട്ടിന് പരാജയപ്പെട്ടിരുന്നു. ചെറിയ മാർജിനിലെ തോൽവിക്ക് കാരണം കോൺഗ്രസിലെ ചില നേതാക്കൾ ആണെന്ന് ചൂണ്ടി കാട്ടി പത്മജ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിനെ തുടർന്ന് കലഹിച്ചാണ് പത്മജ കോൺഗ്രസ് വിട്ടത്.

പത്മജ ഗവർണർ ആകുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ ബി.ജെ.പിയിൽ എത്തി ഒരു വർഷം കഴിഞ്ഞെങ്കിലും പത്മജക്ക് ഗവർണർ കസേര കിട്ടാക്കനിയായി.പത്മജയെ വട്ടിയൂർക്കാവിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി. തിരുവനന്തപുരം ലോകസഭ സീറ്റിൽ ശശി തരൂർ ജയിച്ചെങ്കിലും വട്ടിയൂർക്കാവിൽ മുന്നിട്ട് നിന്നത് രാജീവ് ചന്ദ്രശേഖർ ആയിരുന്നു. വട്ടിയൂർക്കാവിൽ രാജീവ് ചന്ദ്രശേഖർ 53025 വോട്ട് നേടിയപ്പോൾ ശശി തരൂരിന് ലഭിച്ചത് 44863 വോട്ട്. തരൂരിനേക്കാൾ 8162 വോട്ട് കൂടുതൽ രാജീവിന് കിട്ടി. സി പി എം സിറ്റിങ്ങ് മണ്ഡലമായ വട്ടിയൂർക്കാവിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യന് ലഭിച്ചത് 28336 വോട്ട് മാത്രം.

ലോക സഭയിലെ വട്ടിയൂർക്കാവിലെ വോട്ട് ചോർച്ചയുടെ ആഘാതത്തിൽ നിന്ന് സിറ്റിംഗ് എം എൽ എ പ്രശാന്ത് മുക്തനായിട്ടില്ല. അതുകൊണ്ട് തന്നെ രണ്ട് വള്ളത്തിൽ കാല് വച്ചാണ് പ്രശാന്തിൻ്റെ നിൽപ്. ഒരു കാല് കഴക്കൂട്ടത്തും മറ്റേ കാല് വട്ടിയൂർക്കാവിലും ആയി നിൽക്കുകയാണ് പ്രശാന്ത്.