
ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ വേണ്ടി മാത്രമുള്ള ഒരു നാടകമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിൽ നടന്ന ചർച്ചയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച രാഹുൽ, ഇന്ത്യ-പാക് സംഘർഷത്തിൽ ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്നും, വ്യാപാര ഉപാധികൾ ഉപയോഗിച്ച് വെടിനിർത്തൽ നടപ്പാക്കിയെന്നും അവകാശപ്പെട്ട യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു “നുണയൻ” ആണെന്ന് പാർലമെന്റിൽ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു.
“ഇന്ദിരാഗാന്ധിയുടെ ധൈര്യത്തിന്റെ 50 ശതമാനമെങ്കിലും നരേന്ദ്ര മോദിക്കുണ്ടെങ്കിൽ, ട്രംപ് കള്ളം പറയുകയാണെന്ന് ഈ സഭയിൽ അദ്ദേഹം പ്രഖ്യാപിക്കണം,” രാഹുൽ ഗാന്ധി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരനായ പാകിസ്താൻ ജനറൽ അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയപ്പോൾ അതിനെ ചോദ്യം ചെയ്യാൻ പോലും പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. “എങ്ങനെയാണ് മിസ്റ്റർ ട്രംപ് താങ്കൾക്ക് അദ്ദേഹത്തെ ക്ഷണിക്കാൻ ധൈര്യം വന്നത് എന്ന് ചോദിക്കാൻ പോലും മോദി തയ്യാറായില്ല,” രാഹുൽ പറഞ്ഞു.
സംഘർഷ സമയത്ത് ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം ദുർബലമായിരുന്നുവെന്നും രാഹുൽ ആരോപിച്ചു. “നമുക്ക് യുദ്ധം ചെയ്യാൻ രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് ഇന്ത്യൻ സർക്കാർ പാകിസ്താൻ സർക്കാരിനെ അറിയിച്ചു. വെറുമൊരു നടപടി മാത്രമാണ് നടത്തിയത്,” അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വ്യോമസേനയ്ക്ക് പൂർണ്ണമായ പ്രവർത്തന സ്വാതന്ത്ര്യം നൽകിയില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. “ഇന്തോനേഷ്യയിലെ ഡിഫൻസ് അറ്റാഷെയായിരുന്ന ക്യാപ്റ്റൻ ശിവകുമാർ പറഞ്ഞത്, സംഘർഷത്തിൽ ഇന്ത്യക്ക് ചില വിമാനങ്ങൾ നഷ്ടപ്പെട്ടു എന്നാണ്. പാകിസ്താന്റെ സൈനിക കേന്ദ്രങ്ങളെയോ വ്യോമ പ്രതിരോധ സംവിധാനങ്ങളെയോ ആക്രമിക്കരുതെന്ന് രാഷ്ട്രീയ നേതൃത്വം നൽകിയ കർശന നിർദ്ദേശം കൊണ്ടാണ് അത് സംഭവിച്ചത്. അതായത്, പാകിസ്താനിൽ കയറി ആക്രമണം നടത്തുമ്പോൾ, അവരുടെ പ്രതിരോധ സംവിധാനങ്ങളെ തൊടരുതെന്ന് നമ്മുടെ പൈലറ്റുമാരോട് പറയുകയായിരുന്നു,” രാഹുൽ ഗാന്ധി പറഞ്ഞു.