Kerala Government NewsNews

ക്ഷാമബത്ത ഫയലിന് ഉദ്യോഗസ്ഥ തലത്തിൽ ‘മിന്നൽ വേഗം’, മന്ത്രിയുടെ ഓഫീസിൽ ‘ഇഴഞ്ഞുനീക്കം’; തീരുമാനമാകാതെ 5 ദിവസം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഏറെനാളായി കാത്തിരിക്കുന്ന ക്ഷാമബത്ത (DA) അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലിന് ഉദ്യോഗസ്ഥ തലത്തിൽ ലഭിച്ചത് മിന്നൽ വേഗമെങ്കിൽ, ധനമന്ത്രിയുടെ ഓഫീസിൽ എത്തിയപ്പോൾ കടുത്ത മെല്ലെപ്പോക്ക്. അഡീഷണൽ ചീഫ് സെക്രട്ടറി വെറും 27 സെക്കൻഡ് കൊണ്ട് പരിശോധിച്ചു കൈമാറിയ ഫയൽ, ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഓഫീസിൽ തീരുമാനമാകാതെ അഞ്ച് ദിവസമായി കെട്ടിക്കിടക്കുന്നു.

ജീവനക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ജൂലൈ 17-നാണ് ക്ഷാമബത്ത ഫയലിന് വീണ്ടും ജീവൻവെച്ചത്. ധനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കി, ധനകാര്യ എക്സ്പെൻഡിച്ചർ സെക്രട്ടറി കേശവേന്ദ്രകുമാർ ജൂലൈ 25-ന് വൈകിട്ട് 5.20-ന് ഫയൽ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാലിന് കൈമാറി. ഫയൽ ലഭിച്ച ജ്യോതിലാൽ, ഒരു മിനിറ്റ് പോലും വൈകാതെ, കൃത്യമായി പറഞ്ഞാൽ 27 സെക്കൻഡിനുള്ളിൽ ഫയൽ പരിശോധിച്ച് തുടർനടപടികൾക്കായി ധനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്കിടയിൽ ഈ ‘മിന്നൽ വേഗം’ വലിയ ചർച്ചയായിട്ടുണ്ട്.

എന്നാൽ, ഇത്രയും വേഗത്തിൽ മന്ത്രിയുടെ മുന്നിലെത്തിയ ഫയലിലാണ് അഞ്ച് ദിവസമായിട്ടും തീരുമാനമൊന്നും ഉണ്ടാകാത്തത്. 2022 ജൂലൈ മുതൽ പ്രാബല്യമുള്ള 3% ക്ഷാമബത്ത അനുവദിക്കാനാണ് ഫയലിൽ ശുപാർശയുള്ളതെന്നാണ് സൂചന. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ അനുവദിക്കുന്ന തുകയ്ക്ക് കുടിശ്ശികയുണ്ടാകാൻ സാധ്യതയില്ലെന്നും അറിയുന്നു.

നിലവിൽ 18% ക്ഷാമബത്തയാണ് സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയുള്ളത്. ഇതിൽ ഒരു ഗഡുവായ 3% മാത്രം അനുവദിക്കാനുള്ള ഫയലിൽ പോലും തീരുമാനമെടുക്കാൻ വൈകുന്നത് ജീവനക്കാർക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണോ ഈ മെല്ലെപ്പോക്കിന് കാരണമെന്ന ചോദ്യവും ഇതോടെ ശക്തമാവുകയാണ്.

ലഭിക്കാനുള്ള ക്ഷാമബത്ത കുടിശ്ശിക (18%):

  • 01.07.2022 – 3%
  • 01.01.2023 – 4%
  • 01.07.2023 – 3%
  • 01.01.2024 – 3%
  • 01.07.2024 – 3%
  • 01.01.2025 – 2%