
ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്; സ്റ്റേഡിയത്തിൻ്റെ ഗ്യാലറിയില്‍ നിന്ന് വീണു
കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്. തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായ റെനി മെഡിസിറ്റിയിലേക്ക് ഉമാ തോമസിനെ മാറ്റി.
20 അടി മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തലയുടെ സ്കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടന്നുവരികയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ എംഎല്‍എക്ക് ബോധമുണ്ടായിരുന്നു.
കലൂർ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ.പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. മന്ത്രിയെ കണ്ട് തിരികെ ഇരിക്കാനായി തുടങ്ങുമ്പോള്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. താഴേക്ക് വീഴാൻ തുടങ്ങുമ്പോള്‍ രക്ഷക്കായി പിടിച്ചത് ഗാലറിയില്‍ താല്‍ക്കാലികമായി കെട്ടിയ ബാരിക്കേഡിലായിരുന്നു. എന്നാല്‍ ഇതും തകർന്ന് താഴേക്ക് വീഴുകയായിരുന്നു. തലയിടിച്ചാണ് താഴേക്ക് വീണത്. മുഖത്തിനും പരിക്കേറ്റിട്ടുണ്ട്.
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാതം നൃത്തസന്ധ്യക്കിടെയാണ് എംഎൽഎക്ക് അപകടം പറ്റിയത്.
പരിപാടി തുടങ്ങാറായപ്പോഴാണ് എംഎൽഎ എത്തിയത്. മന്ത്രിയെ കണ്ട ശേഷം തൻ്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോൾ, ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. സന്നദ്ധ പ്രവർത്തകർ ഉടൻ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലൻസിൽ കയറ്റി എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.