News

‘മാനസിക നില തെറ്റി’: ഖാർഗെയ്ക്കെതിരായ പരാമർശത്തിൽ ജെ.പി. നദ്ദ മാപ്പ് പറഞ്ഞു; രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ വാഗ്വാദം

ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’, പഹൽഗാം ഭീകരാക്രമണം എന്നിവയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്ക് “മാനസിക നില തെറ്റി”യെന്ന ജെ.പി. നദ്ദയുടെ പരാമർശമാണ് ബഹളത്തിൽ കലാശിച്ചത്. പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധമുയർത്തിയതോടെ, നദ്ദ തന്റെ പരാമർശം പിൻവലിക്കുകയും ഖാർഗെയോട് മാപ്പ് പറയുകയും ചെയ്തു.

ചർച്ചയിൽ ഒരു മണിക്കൂറിലേറെ സംസാരിച്ച മല്ലികാർജുൻ ഖാർഗെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ സംസാരിച്ച ജെ.പി. നദ്ദ, ഖാർഗെയ്ക്ക് മാനസിക നില തെറ്റിയെന്നും വൈകാരികമായി സംസാരിച്ച അദ്ദേഹത്തിന്റെ വാക്കുകൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

നദ്ദയുടെ പരാമർശത്തിനെതിരെ ഖാർഗെയും പ്രതിപക്ഷ അംഗങ്ങളും ശക്തമായി രംഗത്തെത്തി. താൻ ഏറെ ബഹുമാനിക്കുന്ന മന്ത്രിമാരിലൊരാളായ നദ്ദയിൽ നിന്ന് ഇത്തരമൊരു പരാമർശം ഉണ്ടായത് ലജ്ജാകരമാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.

പ്രതിഷേധം കനത്തതോടെ ജെ.പി. നദ്ദ നിലപാട് മയപ്പെടുത്തി. “ഞാൻ എന്റെ വാക്കുകൾ പിൻവലിക്കുന്നു. എന്റെ വാക്കുകൾ അദ്ദേഹത്തിന്റെ (ഖാർഗെയുടെ) വികാരങ്ങളെ മുറിവേൽപ്പിച്ചെങ്കിൽ, ഞാൻ മാപ്പ് ചോദിക്കുന്നു,” നദ്ദ പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിയുടെ പദവിക്ക് ചേരാത്ത രീതിയിലുള്ള പരാമർശങ്ങളാണ് ഖാർഗെ നടത്തിയതെന്നും, ആ വാക്കുകൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും നദ്ദ കൂട്ടിച്ചേർത്തു.