
ന്യൂഡൽഹി: അനിൽ അംബാനിയുടെ മുൻനിര കമ്പനിയായിരുന്ന റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (RHFL), സ്വന്തം ഗ്രൂപ്പിലെ സ്ഥാപനങ്ങളിലേക്ക് 12,000 കോടി രൂപയുടെ വായ്പകൾ വകമാറ്റുകയും, അതിൽ 7,000 കോടിയോളം രൂപ കിട്ടാക്കടമായി എഴുതിത്തള്ളുകയും ചെയ്തെന്ന അതീവ ഗുരുതരമായ കണ്ടെത്തലിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കി. മൂന്ന് ദിവസം നീണ്ട മെഗാ റെയ്ഡിന് ശേഷം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ പുതിയ നീക്കം.
സെബി റിപ്പോർട്ടിലെ കണ്ടെത്തലുകൾ
സെബി (SEBI) നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഈ തട്ടിപ്പിന്റെ വിവരങ്ങളുള്ളത്. ഈ റിപ്പോർട്ട് ഇഡിക്ക് കൈമാറിയിട്ടുണ്ട്. ഇതനുസരിച്ച്, റിലയൻസ് ഹോം ഫിനാൻസ്, അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധമുള്ള നിരവധി സ്ഥാപനങ്ങൾക്ക് 12,000 കോടി രൂപ വായ്പയായി നൽകി. ഈ സ്ഥാപനങ്ങളിൽ പലതിനും ഒരേ വിലാസവും, ഇ-മെയിൽ ഐഡിയും, ഡയറക്ടർമാരുമായിരുന്നു. പിന്നീട്, ഈ വായ്പകളിൽ 6,931 കോടി രൂപ കമ്പനി തന്നെ കിട്ടാക്കടമായി (NPA) എഴുതിത്തള്ളി. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു തട്ടിപ്പാണെന്നാണ് ഇഡിയുടെ സംശയം.
അന്വേഷണ വലയത്തിൽ 22 പ്രമുഖർ
അനിൽ അംബാനിയുമായി അടുത്ത ബന്ധമുള്ള 22 ഉന്നത ഉദ്യോഗസ്ഥരും ബിസിനസ് പങ്കാളികളും ഇഡിയുടെ നിരീക്ഷണത്തിലാണ്. 72 മണിക്കൂർ നീണ്ട റെയ്ഡിൽ 60 കമ്പനികളിലാണ് പരിശോധന നടന്നത്. ഇഡിക്ക് പുറമെ സിബിഐ, സെബി, നാഷണൽ ഹൗസിങ് ബാങ്ക് തുടങ്ങിയ ഏജൻസികളും അന്വേഷണത്തിൽ പങ്കാളികളാണ്.
യെസ് ബാങ്കിൽ നിന്ന് 2,965 കോടി രൂപയുടെ വായ്പ തരപ്പെടുത്താൻ മുൻ സിഇഒ റാണാ കപൂറിന് കൈക്കൂലി നൽകിയെന്ന കേസിലാണ് അന്വേഷണം ആരംഭിച്ചതെങ്കിലും, ഇപ്പോൾ കൂടുതൽ വലിയ സാമ്പത്തിക തട്ടിപ്പുകളിലേക്കാണ് ഇഡിയുടെ അന്വേഷണം നീങ്ങുന്നത്. അതേസമയം, ഈ ആരോപണങ്ങൾ കോടതിയുടെ പരിഗണനയിലാണെന്നും, റിലയൻസ് ഹോം ഫിനാൻസിന്റെ ഭരണം 2023-ലെ സുപ്രീം കോടതി വിധിയെ തുടർന്ന് പുതിയ മാനേജ്മെന്റ് ഏറ്റെടുത്തതാണെന്നും കമ്പനി വൃത്തങ്ങൾ പ്രതികരിച്ചു.