GulfUAE

ദുബായിൽ വാട്‌സ്ആപ്പിലൂടെ വഴക്കിട്ട യുവാവിന് ശിക്ഷ: 5000 ദിർഹം പിഴ, ഇന്റർനെറ്റ് വിലക്ക്; ഫോണ്‍ കണ്ടുകെട്ടി

ദുബായ്: വാട്സ്ആപ്പിലൂടെ അയക്കുന്ന സ്വകാര്യ സന്ദേശങ്ങൾ പോലും നിങ്ങളെ നിയമക്കുരുക്കിലാക്കാം എന്നതിന് ശക്തമായ താക്കീതായി ദുബായ് കോടതിയുടെ പുതിയ വിധി. സഹപ്രവർത്തകന് വാട്സ്ആപ്പിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ അയച്ച കേസിൽ, പ്രതിക്ക് 5000 ദിർഹം (ഏകദേശം 1.14 ലക്ഷം രൂപ) പിഴയും, ഒരു മാസത്തേക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് വിലക്കും കോടതി വിധിച്ചു. കുറ്റം ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും ഉത്തരവിട്ടു.

കേസിന് ആസ്പദമായ സംഭവം

ദുബായിലെ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാൾക്ക് സഹപ്രവർത്തകനിൽ നിന്ന് 2023 ഒക്ടോബറിൽ വാട്സ്ആപ്പിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സന്ദേശങ്ങൾ ലഭിച്ചതാണ് കേസിന് തുടക്കം. പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ, പ്രതി കുറ്റം സമ്മതിച്ചെങ്കിലും, സംഭാഷണത്തിനിടെയുണ്ടായ പ്രകോപനത്തിന് മറുപടിയായാണ് സന്ദേശങ്ങൾ അയച്ചതെന്നായിരുന്നു വാദം. എന്നാൽ ഈ വാദം തള്ളിയ കോടതി, അപകീർത്തികരമായ സന്ദേശം അയച്ചത് നിയമലംഘനമാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു.

നിയമം കർശനം, പ്രവാസികൾ ശ്രദ്ധിക്കുക

“ഡിജിറ്റൽ ലോകം നിയമങ്ങളില്ലാത്ത ഒരിടമല്ലെന്ന് ഈ വിധി വ്യക്തമാക്കുന്നു. യുഎഇ നിയമപ്രകാരം, അപകീർത്തി എന്നത് പരസ്യമായ പ്രസ്താവനകളിൽ മാത്രം ഒതുങ്ങുന്നില്ല. സ്വകാര്യ ചാറ്റുകളിൽ അയക്കുന്ന അധിക്ഷേപങ്ങൾക്കും ക്രിമിനൽ നടപടി നേരിടേണ്ടി വരും,” കേസ് നടത്തിയ നിയമോപദേഷ്ടാവ് വിശാൽ ടിനാനി പറഞ്ഞു.

ഇന്റർനെറ്റ് വിലക്ക് പോലുള്ള ‘സാങ്കേതിക-ശിക്ഷകൾ’ നൽകാൻ കോടതികൾ തയ്യാറാകുന്നു എന്നതിന്റെ സൂചനയാണിത്. ശിക്ഷാ കാലാവധിയിൽ, പ്രതിയുടെ പേരിൽ രജിസ്റ്റർ ചെയ്ത പുതിയ സിം കാർഡ് ഉപയോഗിച്ച് പോലും ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കില്ല. വ്യക്തിപരമോ തൊഴിൽപരമോ ആയ സംഭാഷണങ്ങളിൽ, വാട്സ്ആപ്പിലെ സ്വകാര്യ ചാറ്റുകളിൽ പോലും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ കനത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഈ സംഭവം ദുബായിലെ പ്രവാസി സമൂഹത്തിന് നൽകുന്നത്.