
കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രമുഖ സോഷ്യല്‍ മീഡിയ വ്ളോഗർ അറസ്റ്റിൽ. ‘ഷാലു കിംഗ്’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന കാസർകോട് സ്വദേശി മുഹമ്മദ് സാലിയെയാണ് (35) കൊയിലാണ്ടി പോലീസ് പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിദേശത്തേക്ക് കടന്ന ഇയാൾ, മംഗളൂരു വിമാനത്താവളത്തിൽ തിരിച്ചിറങ്ങുമ്പോഴാണ് പോലീസിന്റെ വലയിലായത്.
സോഷ്യൽ മീഡിയയിലൂടെ ചതി
ഏഴ് വർഷത്തോളമായി ‘ഷാലു കിംഗ് മീഡിയ’, ‘ഷാലു കിംഗ് വ്ലോഗ്സ്’ തുടങ്ങിയ പേരുകളിൽ യൂട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും സജീവമാണ് മുഹമ്മദ് സാലി. ആദ്യ ഭാര്യയുമായി പിണങ്ങിനിൽക്കുന്ന സമയത്താണ് ഇയാൾ ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് എന്നിവ വഴി 15-കാരിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹിതനായ ഇയാൾക്ക് ആദ്യ ബന്ധത്തിൽ മൂന്ന് മക്കളുണ്ട്.
ലുക്ക്ഔട്ട് നോട്ടീസിൽ കുടുങ്ങി
പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെയാണ് മുഹമ്മദ് സാലി വിദേശത്തേക്ക് കടന്നത്. ഇതോടെ, കൊയിലാണ്ടി പോലീസ് ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഈ നോട്ടീസാണ് വിമാനത്താവളത്തിൽ വെച്ച് ഇയാളെ പിടികൂടാൻ സഹായകമായത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.