
തിരുവനന്തപുരം: കേരളം വീണ്ടും കടം എടുക്കുന്നു. 2000 കോടി രൂപയാണ് കടം എടുക്കുന്നത്. കടപ്പത്രം പുറപ്പെടുവിക്കുന്നതിനായുള്ള ലേലം ജൂൺ 29 ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ – കുബേർ സംവിധാനം വഴി നടക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
ആഗസ്ത് 1 മുതൽ വിതരണം ചെയ്യേണ്ട ശമ്പള പെൻഷൻ വിതരണത്തിനാണ് 2000 കോടി കടം എടുക്കുന്നത്. ഈ മാസം 22 ന് 1000 കോടി കടം എടുത്തിരുന്നു. ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനാണ് 1000 കോടി കടം എടുത്തത്. ശമ്പളം, പെൻഷൻ, ക്ഷേമ പെൻഷൻ എന്നിവ നൽകാൻ കടം എടുക്കേണ്ട ഗതികേടിലായി ബാലഗോപാലിന്റെ ധനഭരണത്തിൽ കേരളം.
29 ന് 2000 കോടി കടം എടുക്കുന്നത് ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുപ്പ് 17000 കോടിയിലേക്ക് കുതിച്ചു. ഏപ്രിൽ മാസം 3000 കോടി, മെയ് മാസം 4000 കോടി, ജൂൺ 5000 കോടി, ജൂലൈ 5000 കോടി ( 29ന് 2000 കോടി കടം എടുക്കുന്നത് ഉൾപ്പെടെ) എന്നിങ്ങനെയാണ് 2025- 26 സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുപ്പ്.
ഡിസംബർ വരെ 29529 കോടി കടം എടുക്കാൻ കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ 17000 കോടിയും കടം എടുത്തതോടെ ഡിസംബർ വരെ കടം എടുക്കാൻ ശേഷിക്കുന്നത് 12529 കോടി മാത്രം. ആഗസ്ത് , സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ എന്നീ അഞ്ച് മാസങ്ങൾ കടക്കാൻ 12529 കോടി കടം തികയാതെ വരും.
ഓണം വരുന്ന സെപ്റ്റംബർ മാസത്തെ ചെലവുകൾക്ക് തന്നെ 15000 കോടി അധികമായി കണ്ടെത്തേണ്ടി വരും. മറ്റ് വരുമാന മാർഗങ്ങളും കടമെടുപ്പും കൂടി കൂട്ടിയാലും കാര്യങ്ങൾ നടക്കാത്ത അവസ്ഥയാണ് ധനവകുപ്പിന് മുന്നിൽ ഉള്ളത്.തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒക്ടോബറിൽ പെരുമാറ്റ ചട്ടം ഉണ്ടാകും എന്ന പ്രതീക്ഷയാണ് ധനവകുപ്പ് പങ്ക് വയ്ക്കുന്നത്. പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ ചെലവ് കുറയും. പെരുമാറ്റ ചട്ടത്തിൻ്റെ പേരിൽ പല ചെലവുകളും മാറ്റി വയ്ക്കാം. ഇങ്ങനെ ഡിസംബർ കടക്കാം എന്ന പ്ലാൻ ബി യിലാണ് ധനവകുപ്പിൻ്റെ പ്രതീക്ഷ.