FinanceNews

കേരളത്തിന്റെ കടബാധ്യത 4.71 ലക്ഷം കോടി കവിഞ്ഞെന്ന് കേന്ദ്രം

ന്യൂഡൽഹി: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 2024-25 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 4,71,091 കോടി രൂപയാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയെ അറിയിച്ചു.

കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ ചിത്രം വ്യക്തമാക്കിയത്. ഈ കണക്കുകൾ പ്രകാരം, 2026 മാർച്ച് 31 ആകുമ്പോഴേക്കും സംസ്ഥാനത്തിന്റെ കടം 4,81,997 കോടി രൂപയായി വർധിക്കുമെന്നും കേന്ദ്രം പ്രവചിക്കുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ കടമെടുക്കാൻ അനുവദിക്കുമോ എന്ന ചോദ്യത്തിന്, മറ്റ് സംസ്ഥാനങ്ങൾക്ക് ബാധകമായ അതേ മാനദണ്ഡങ്ങൾ തന്നെയാണ് കേരളത്തിനുമുള്ളതെന്ന് മന്ത്രി മറുപടി നൽകി. ഇത് കേരളത്തിന് പ്രത്യേക സാമ്പത്തിക ഇളവുകളോ അധിക കടമെടുപ്പ് പരിധിയോ അനുവദിക്കില്ലെന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്. സംസ്ഥാനത്തിന്റെ വർധിച്ചുവരുന്ന കടബാധ്യതയും സാമ്പത്തിക കെടുകാര്യസ്ഥതയും സംബന്ധിച്ച ചർച്ചകൾക്ക് ഈ കണക്കുകൾ ആക്കം കൂട്ടും.