
ന്യൂഡൽഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അശ്ലീല ഉള്ളടക്കത്തിന്റെ പേരിൽ നിരോധിച്ച 25 ഒടിടി പ്ലാറ്റ്ഫോമുകളിൽ, ഒരുകാലത്ത് 1209 കോടി രൂപ വിലമതിച്ചിരുന്ന പ്രമുഖ പ്ലാറ്റ്ഫോം ‘ALTT’-യും (പഴയ ആൾട്ട് ബാലാജി). ബോളിവുഡിലെ പ്രമുഖ നിർമ്മാണക്കമ്പനിയായ ഏക്ത കപൂറിന്റെ ബാലാജി ടെലിഫിലിംസിന്റെ ഈ ഡിജിറ്റൽ സംരംഭം നിരോധിക്കപ്പെട്ടത് കമ്പനിക്ക് കനത്ത തിരിച്ചടിയായി.
2024-ലെ വാർഷിക റിപ്പോർട്ട് പ്രകാരം, 795 കോടി രൂപയുടെ നിക്ഷേപവും 103 കോടിയുടെ വായ്പയും ബാലാജി ടെലിഫിലിംസ് ALTT-ക്ക് നൽകിയിരുന്നു. അടുത്തിടെ നടത്തിയ പുനഃസംഘടനയെ തുടർന്ന് പ്രമുഖ സ്ഥാപനം നടത്തിയ മൂല്യനിർണ്ണയത്തിലാണ് ALTT-യുടെ മൂല്യം 1209 കോടി രൂപയായി കണക്കാക്കിയത്. ഈ പ്ലാറ്റ്ഫോമാണ് ഇപ്പോൾ നിയമലംഘനത്തിന്റെ പേരിൽ പൂട്ടുവീണത്.
നഷ്ടത്തിൽ നിന്ന് കരകയറാൻ ശ്രമിക്കവെ തിരിച്ചടി
കടുത്ത സാമ്പത്തിക നഷ്ടത്തിലായിരുന്ന ALTT-യെ ലാഭത്തിലാക്കാൻ കമ്പനി അടുത്തിടെ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. പ്രതിവർഷം 120-145 കോടി രൂപയായിരുന്ന നഷ്ടം, പ്രതിമാസം 35 ലക്ഷം രൂപയിലേക്ക് കുറയ്ക്കാൻ കമ്പനിക്ക് സാധിച്ചു. സബ്സ്ക്രിപ്ഷൻ മോഡലിന് പുറമെ പരസ്യവരുമാന മാതൃകയും (AVOD) നടപ്പാക്കി. 2 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള പ്ലാറ്റ്ഫോമിൽ, കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ മാത്രം 3.29 ലക്ഷം പുതിയ സബ്സ്ക്രിപ്ഷനുകൾ നേടിയിരുന്നു. ഈ പ്രവർത്തനങ്ങൾ ഫലം കണ്ടുതുടങ്ങുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ നിരോധനം വരുന്നത്.
ബാലാജിയുടെ ഭാവി
റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പെടെ ഓഹരി പങ്കാളിത്തമുള്ള ബാലാജി ടെലിഫിലിംസിന്റെ പ്രധാന വരുമാന സ്രോതസ്സായി അടുത്ത മൂന്ന് വർഷത്തേക്ക് സിനിമകളെയാണ് കാണുന്നതെന്ന് കമ്പനി സിഇഒ സഞ്ജയ് ദ്വിവേദി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമായ ALTT-യെ മൊത്തത്തിലുള്ള ഡിജിറ്റൽ സ്ട്രാറ്റജിയുടെ ഒരു ചെറിയ ഭാഗമാക്കി മാറ്റാനും കമ്പനി ലക്ഷ്യമിട്ടിരുന്നു. എന്നാൽ, ഈ നിരോധനം കമ്പനിയുടെ ഡിജിറ്റൽ പദ്ധതികളെ എങ്ങനെ ബാധിക്കുമെന്നും പ്ലാറ്റ്ഫോമിന്റെ ഭാവി എന്താകുമെന്നും കണ്ടറിയണം. സർക്കാർ നടപടിക്കെതിരെ കമ്പനി നിയമവഴി തേടുമോ എന്നതിലും വ്യക്തത വരാനിരിക്കുന്നതേയുള്ളൂ.