
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്യൺ ഡോളർ നറുക്കെടുപ്പിൽ വിജയിയായി മലയാളി പ്രവാസി. തൃശൂർ സ്വദേശിയായ സബീഷ് പെറോത്ത് ആണ് 1 ദശലക്ഷം ഡോളർ (ഏകദേശം 9 കോടി ഇന്ത്യൻ രൂപ) സമ്മാനം നേടിയത്. ആറ് വർഷമായി തുടർച്ചയായി ടിക്കറ്റെടുക്കുന്ന സബീഷിനെ ഒടുവിൽ ഭാഗ്യം തുണയ്ക്കുകയായിരുന്നു.
സമ്മാനാർഹമായ 4296 എന്ന ടിക്കറ്റ്, സബീഷും ഒമ്പത് സഹപ്രവർത്തകരും ചേർന്ന് ഓൺലൈനായാണ് എടുത്തത്. ഒരു ലോജിസ്റ്റിക്സ് കമ്പനിയിൽ സീനിയർ ഓപ്പറേഷൻസ് സൂപ്പർവൈസറായ സബീഷ്, കഴിഞ്ഞ 17 വർഷമായി ഒരേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

‘വിശ്വസിക്കാനായില്ല, കൈകൾ വിറച്ചു’
വിജയിയാണെന്ന് അറിയിച്ചുകൊണ്ട് ദുബായ് ഡ്യൂട്ടി ഫ്രീയിൽ നിന്ന് ഫോൺ കോൾ വന്നപ്പോൾ, അതൊരു തമാശയാണെന്നാണ് ആദ്യം കരുതിയതെന്ന് സബീഷ് പറയുന്നു. “അതൊരു പ്രാങ്ക് കോളാണെന്നാണ് ഞാൻ കരുതിയത്. എന്റെ വിവരങ്ങൾ ചോദിച്ച്, ഞാനാണ് വിജയി എന്ന് അവർ പറഞ്ഞപ്പോൾ എന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങി. ശ്വാസം പോലും കിട്ടുന്നുണ്ടായിരുന്നില്ല,” അദ്ദേഹം ഖലീജ് ടൈംസിനോട് പറഞ്ഞു.
സമ്മാനത്തുക പത്ത് പേർക്കും തുല്യമായി വീതിച്ചെടുക്കാനാണ് തീരുമാനം. “ഓരോരുത്തർക്കും ഏകദേശം 3,70,000 ദിർഹം വീതം ലഭിക്കും. ഞങ്ങളിൽ ഭൂരിഭാഗം പേരും ഇവിടെ സ്ഥിരതാമസമാക്കിയവരാണ്. ഞങ്ങൾ ജോലിയിൽ തുടരും, പക്ഷെ ഈ പണം ഒരു ചെറിയ ബിസിനസ്സ് തുടങ്ങാൻ ഞങ്ങളെ സഹായിക്കും,” സബീഷ് കൂട്ടിച്ചേർത്തു.
മകൾക്ക് ‘ലബുബു’, കുടുംബത്തിന് ലോകയാത്ര
സമ്മാനത്തുക കൊണ്ട് എന്തുചെയ്യുമെന്ന് ചോദിച്ചപ്പോൾ, മകൾക്ക് അവൾക്കിഷ്ടപ്പെട്ട ‘ലബുബു’ എന്ന കളിപ്പാട്ടം വാങ്ങിക്കൊടുക്കുമെന്നും, കുടുംബത്തോടൊപ്പം ഒരു ലോകയാത്ര പോകുമെന്നുമായിരുന്നു സബീഷിന്റെ മറുപടി.
ഈ നറുക്കെടുപ്പിൽ റഷ്യൻ സ്വദേശിയായ മെയ്ൻ സാലെയും ഒരു മില്യൺ ഡോളർ സമ്മാനം നേടി. മറ്റ് നാല് പേർക്ക് ബെന്റ്ലി, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ ആഡംബര വാഹനങ്ങളും സമ്മാനമായി ലഭിച്ചു.