
ന്യൂഡൽഹി: ഐസിഐസിഐ-വീഡിയോകോൺ വായ്പാ തട്ടിപ്പ് കേസിൽ മുൻ സിഇഒ ചന്ദാ കൊച്ചാറിന് കനത്ത തിരിച്ചടി. 300 കോടി രൂപയുടെ വായ്പ അനുവദിക്കുന്നതിന് പ്രതിഫലമായി 64 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ ചന്ദാ കൊച്ചാർ കുറ്റക്കാരിയാണെന്ന് അപ്പലേറ്റ് ട്രിബ്യൂണൽ കണ്ടെത്തി. ചന്ദാ കൊച്ചാറിന്റെ മുംബൈയിലെ ഫ്ലാറ്റ് ഉൾപ്പെടെ 78 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടി ശരിവെച്ച ട്രിബ്യൂണൽ, ഇത് “കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കളാണെന്നും” നിരീക്ഷിച്ചു.
നേരത്തെ, കൊച്ചാറിന് അനുകൂലമായി സ്വത്തുക്കൾ വിട്ടുനൽകാൻ ഉത്തരവിട്ട adjudicating authority-യെ ട്രിബ്യൂണൽ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
64 കോടിയുടെ ‘പ്രതിഫലം’
ഐസിഐസിഐ ബാങ്കിന്റെ സിഇഒ ആയിരിക്കെ, ചന്ദാ കൊച്ചാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി വീഡിയോകോൺ ഗ്രൂപ്പിന് 300 കോടി രൂപ വായ്പ അനുവദിച്ചുവെന്നും, ഇതിന് പ്രതിഫലമായി 64 കോടി രൂപ ചന്ദാ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിന്റെ കമ്പനിയായ നൂ പവർ റിന്യൂവബിൾ ലിമിറ്റഡിലേക്ക് (NRPL) മാറ്റിയെന്നുമാണ് കേസ്. ഐസിഐസിഐ ബാങ്ക് വായ്പ അനുവദിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ ഈ പണം കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തി.
ഗുരുതരമായ താൽപര്യ വൈരുദ്ധ്യം മറച്ചുവെച്ചുകൊണ്ട് വായ്പ അനുവദിച്ച ചന്ദാ കൊച്ചാർ, ബാങ്കിന്റെ നയങ്ങൾ ലംഘിച്ചുവെന്നും ട്രിബ്യൂണൽ കണ്ടെത്തി. “പ്രതിഫലം ഉറപ്പിച്ചുള്ള ഇടപാടായിരുന്നു (quid pro quo) ഇതെന്നതിന് നേരിട്ടുള്ള തെളിവുകളുണ്ട്,” എന്നും ട്രിബ്യൂണൽ ഉത്തരവിൽ പറഞ്ഞു.
സിബിഐ സമർപ്പിച്ച 11,000-ത്തിലധികം പേജുകളുള്ള കുറ്റപത്രത്തിൽ, ചന്ദാ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ പ്രൊമോട്ടർ വി.എൻ. ധൂത് എന്നിവരാണ് പ്രധാന പ്രതികൾ.