Crime

ബാർ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി പിടിയിൽ; ടച്ചിംഗ്‌സ് കൊടുക്കാത്തതിന് തർക്കം

തൃശൂർ: പുതുക്കാട് ബാറിലുണ്ടായ തർക്കത്തെ തുടർന്ന് ബാർ ജീവനക്കാരനെ പുറത്ത് കാത്തുനിന്ന് കുത്തിക്കൊന്നു. എരുമപ്പെട്ടി നെല്ലുവായ് സ്വദേശി ഹേമചന്ദ്രൻ (62) ആണ് മരിച്ചത്. സംഭവത്തിൽ ആമ്പല്ലൂർ അളകപ്പനഗർ സ്വദേശി സിജോയെ പുതുക്കാട് പോലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പകൽ ബാറിലെത്തിയ സിജോ, സൗജന്യമായി കൂടുതൽ ‘ടച്ചിംഗ്‌സ്’ വാങ്ങിയതുമായി ബന്ധപ്പെട്ട് മറ്റ് ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ, ബാറിന് പുറത്ത് രാത്രി വരെ കാത്തുനിന്നാണ് ഇയാൾ കൊലപാതകം നടത്തിയത്.

തർക്കത്തിൽ പങ്കാളിയല്ലാത്തയാൾ കൊല്ലപ്പെട്ടു

പകലുണ്ടായ തർക്കത്തിൽ കൊല്ലപ്പെട്ട ഹേമചന്ദ്രൻ പങ്കാളിയായിരുന്നില്ല. രാത്രി 11:40-ഓടെ ബാർ അടച്ചതിന് ശേഷം, ഹേമചന്ദ്രൻ സമീപത്തെ തട്ടുകടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിവന്ന് ബാറിന്റെ ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെ പിന്നാലെയെത്തിയ സിജോ, ഹേമചന്ദ്രന്റെ കഴുത്തിൽ കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഹേമചന്ദ്രനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിസിടിവി ദൃശ്യങ്ങൾ നിർണായകമായി

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടാൻ സാധിച്ചത്.