
ബെംഗളൂരു: നഗരത്തിൽ മലയാളി കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പേയിംഗ് ഗസ്റ്റ് ഹോസ്റ്റൽ ഉടമ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ അഷ്റഫിനെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു പെൺകുട്ടി. വിദ്യാർഥിനിയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് പോലീസ് നടപടി.
പത്ത് ദിവസം മുൻപാണ് പെൺകുട്ടി അഷ്റഫിന്റെ വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസം തുടങ്ങിയത്. മുറിയിലെത്തിയ അഷ്റഫ്, താനുമായി സഹകരിച്ചാൽ മാത്രമേ താമസവും ഭക്ഷണവും നൽകുകയുള്ളൂ എന്ന് ഭീഷണിപ്പെടുത്തിയതായി വിദ്യാർഥിനി പരാതിയിൽ പറയുന്നു.
ഇതിന് വിസമ്മതിച്ചപ്പോൾ, അഷ്റഫ് തന്നെ നിർബന്ധിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി ഒരു മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയിലുണ്ട്. ഈ സമയം തന്റെ ലൊക്കേഷൻ ഒരു സുഹൃത്തിന് അയച്ചുകൊടുക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.
ബെംഗളൂരുവിൽ സമാനമായ രീതിയിൽ മറ്റൊരു പേയിംഗ് ഗസ്റ്റ് ഹോസ്റ്റൽ ഉടമ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ഒരു മാസം തികയും മുൻപാണ് നഗരത്തെ ഞെട്ടിച്ച പുതിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.