
ഒടുവിൽ ‘ചിറക് വിരിച്ച്’ എഫ്-35; അറ്റകുറ്റപ്പണികൾ പൂർത്തിയായി, ഇന്ന് പരീക്ഷണപ്പറക്കൽ
തിരുവനന്തപുരം: ഒരു മാസത്തിലേറെയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന ബ്രിട്ടീഷ് എഫ്-35ബി സ്റ്റെൽത്ത് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായി.
യുകെയിലേക്കുള്ള മടക്കയാത്രയ്ക്ക് മുന്നോടിയായി, വിമാനം ഇന്ന് ഒരു പരീക്ഷണപ്പറക്കൽ നടത്തുമെന്ന് വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു. പരീക്ഷണപ്പറക്കൽ വിജയകരമായാൽ, വിമാനത്തിന്റെ മടക്കയാത്ര സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.
ഹൈഡ്രോളിക് തകരാറാണ് വിമാനം പറക്കാൻ കഴിയാത്ത അവസ്ഥയിലാക്കിയത്. ഈ തകരാർ ഇപ്പോൾ പൂർണ്ണമായി പരിഹരിച്ചതായാണ് റിപ്പോർട്ട്.
അറ്റകുറ്റപ്പണി പൂർത്തിയാക്കിയത് വിദഗ്ധ സംഘം
ജൂൺ 14-ന് മോശം കാലാവസ്ഥയും ഇന്ധനക്കുറവും മൂലം അടിയന്തരമായി നിലത്തിറക്കിയ വിമാനം, പിന്നീട് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് ഇവിടെ കുടുങ്ങുകയായിരുന്നു. വിമാനം പൊളിച്ച് കപ്പലിൽ കയറ്റി കൊണ്ടുപോകേണ്ടി വരുമെന്ന് വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ, ഈ മാസം ആദ്യം സ്പെയർ പാർട്സുകളുമായി ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ എയർബസ് എ400എം അറ്റ്ലസ് വിമാനത്തിൽ ഒരു പ്രത്യേക സാങ്കേതിക വിദഗ്ധ സംഘം എത്തിയതോടെയാണ് അറ്റകുറ്റപ്പണികൾക്ക് വേഗം കൂടിയത്. ഈ വിദഗ്ധ സംഘം നാളെയോടെ യുകെയിലേക്ക് മടങ്ങുമെന്നും സൂചനയുണ്ട്.
സോഷ്യൽ മീഡിയയിലെ താരം
ലോകത്തിലെ ഏറ്റവും വിലയേറിയതും (115 ദശലക്ഷം ഡോളറിലധികം) ആധുനികവുമായ ഈ യുദ്ധവിമാനത്തിന്റെ അപ്രതീക്ഷിതവും ദീർഘവുമായ താമസം, സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെച്ചിരുന്നു. കേരള ടൂറിസം വകുപ്പ് പോലും വിമാനത്തിന്റെ ‘സന്ദർശന’ത്തെ നർമ്മരൂപേണ സ്വാഗതം ചെയ്തിരുന്നു.