
തിരുവനന്തപുരത്ത് പുതിയ ടെർമിനല്‍! വിമാനത്താവള ബിസിനസിൽ അദാനി നിക്ഷേപിക്കുന്നത് ഒരു ലക്ഷം കോടി രൂപ
അഹമ്മദാബാദ്: രാജ്യത്തെ വിമാനത്താവള ബിസിനസ്സിൽ വൻതോതിലുള്ള നിക്ഷേപ പദ്ധതികളുമായി അദാനി ഗ്രൂപ്പ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം ഒരു ലക്ഷം കോടി രൂപ (96,000 കോടി രൂപ) വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും റിയൽ എസ്റ്റേറ്റ് വികസനത്തിനുമായി നിക്ഷേപിക്കുമെന്ന് ഗ്രൂപ്പിന്റെ എയർപോർട്ട് വിഭാഗം മേധാവി ജീത് അദാനി അറിയിച്ചു. നവി മുംബൈ, മുംബൈ വിമാനത്താവളങ്ങളിലായിരിക്കും നിക്ഷേപത്തിന്റെ സിംഹഭാഗവും.
നിലവിൽ മുംബൈ ഉൾപ്പെടെ ഏഴ് വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പ് പ്രവർത്തിപ്പിക്കുന്നത്. ഈ ഒക്ടോബറോടെ നവി മുംബൈ വിമാനത്താവളം കൂടി ഈ പട്ടികയിലേക്ക് എത്തും.
വിദേശത്തേക്ക് തൽക്കാലമില്ല, ശ്രദ്ധ ഇന്ത്യയിൽ
ഇന്ത്യയിൽ വലിയ വളർച്ചാ സാധ്യതകളുള്ളതിനാൽ, വിദേശ രാജ്യങ്ങളിലേക്ക് തൽക്കാലം പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയില്ലെന്നും ജീത് അദാനി വ്യക്തമാക്കി. “അടുത്ത 10-15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ വലിയ വളർച്ചയുണ്ടാകുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അതിനാൽ, വിദേശത്തേക്ക് പോയി ശ്രദ്ധ മാറ്റുന്നതിന് പകരം, ഇന്ത്യയിൽ തന്നെ കൂടുതൽ ശക്തമായ സാന്നിധ്യമാകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
പ്രധാന പദ്ധതികൾ
- നവി മുംബൈ വിമാനത്താവളം: ആദ്യഘട്ടത്തിൽ 19,000 കോടി രൂപയുടെ നിക്ഷേപമാണ് ഇവിടെ നടത്തുന്നത്. വിമാനത്താവളത്തിന്റെ ആകെ ശേഷി 9 കോടി യാത്രക്കാരിലേക്ക് എത്തിക്കുന്നതിനായി മൊത്തം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും.
- പുതിയ ടെർമിനലുകൾ: അഹമ്മദാബാദ്, ജയ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ അടുത്ത നാല് വർഷത്തിനുള്ളിൽ പുതിയ ടെർമിനലുകൾ നിർമ്മിക്കും.
- വിപുലീകരണം: ലക്നൗവിലെ പുതിയ ടെർമിനൽ വികസിപ്പിക്കും. ഗുവാഹത്തിയിലെ പുതിയ ടെർമിനൽ ഈ ഒക്ടോബറോടെ പ്രവർത്തനസജ്ജമാകും.
- മുംബൈ വിമാനത്താവളം: 2032-ഓടെ 5,000 കോടി രൂപ ചെലവിൽ മുംബൈ വിമാനത്താവളത്തിൽ പുതിയ ടി1 ടെർമിനൽ നിർമ്മിക്കും.
വിമാനക്കമ്പനികളുമായി ശത്രുതാപരമായ സമീപനമല്ല, മറിച്ച് ഇന്ത്യൻ വ്യോമയാന മേഖലയെ ഒന്നിച്ചു മുന്നോട്ട് കൊണ്ടുപോകാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും, ഇൻഡിഗോ, ടാറ്റ ഗ്രൂപ്പ് എന്നിവരുമായി മികച്ച ബന്ധമാണുള്ളതെന്നും ജീത് അദാനി കൂട്ടിച്ചേർത്തു.