
സാംസങ്ങിന് റെക്കോർഡ് പ്രീ-ഓർഡർ; 48 മണിക്കൂറിനുള്ളിൽ 2.1 ലക്ഷം ബുക്കിംഗ്, ഫോള്‍ഡബിള്‍ ഫോണുകൾക്ക് വൻ ഡിമാൻഡ്
ന്യൂഡൽഹി: സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോള്‍ഡബിള്‍ സ്മാർട്ട്ഫോണുകളായ ഗാലക്സി Z ഫോൾഡ്7, Z ഫ്ലിപ്പ്7 സീരീസുകൾക്ക് ഇന്ത്യയിൽ വൻ വരവേൽപ്പ്. ജൂലൈ 9-ന് പുറത്തിറക്കിയ ഫോണുകൾ, ആദ്യ 48 മണിക്കൂറിനുള്ളിൽ 2.1 ലക്ഷം പ്രീ-ഓർഡറുകൾ നേടി റെക്കോർഡിട്ടു. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഗാലക്സി S25 സീരീസിന് ലഭിച്ചതിന് തുല്യമായ പ്രീ-ഓർഡറുകളാണിത്.
‘മെയ്ഡ് ഇൻ ഇന്ത്യ’ ഫോണുകൾക്ക് വൻ ഡിമാൻഡ്
“ഇന്ത്യയിൽ നിർമ്മിച്ച ഞങ്ങളുടെ മടക്കാവുന്ന സ്മാർട്ട്ഫോണുകൾക്ക് ലഭിച്ച റെക്കോർഡ് പ്രീ-ഓർഡറുകൾ, ഏറ്റവും പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ ഇന്ത്യൻ യുവത്വം കാണിക്കുന്ന താൽപര്യമാണ് വ്യക്തമാക്കുന്നത്,” എന്ന് സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ ജെബി പാർക്ക് പറഞ്ഞു. “ഇന്ത്യയിൽ ഫോള്‍ഡിങ് (മടക്കാവുന്ന) സ്മാർട്ട്ഫോണുകൾ ഒരു മുഖ്യധാരാ ഉൽപ്പന്നമാക്കി മാറ്റുക എന്ന ഞങ്ങളുടെ വലിയ ലക്ഷ്യത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണ് ഈ വിജയം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിലയും വേരിയന്റുകളും
89,000 രൂപ മുതൽ 2.11 ലക്ഷം രൂപ വരെയാണ് പുതിയ മടക്കാവുന്ന ഫോണുകളുടെ വില.
- ഗാലക്സി Z ഫോൾഡ്7: ₹1.75 ലക്ഷം മുതൽ ₹2.11 ലക്ഷം വരെ.
- ഗാലക്സി Z ഫ്ലിപ്പ്7: ₹1.10 ലക്ഷം മുതൽ ₹1.22 ലക്ഷം വരെ.
- ഗാലക്സി Z ഫ്ലിപ്പ്7 FE: ₹89,000 മുതൽ ₹95,999 വരെ.
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ, 1000 ഡോളറിന് മുകളിലുള്ള സൂപ്പർ പ്രീമിയം വിഭാഗത്തിൽ ആപ്പിളുമായിട്ടാണ് സാംസങ്ങിന്റെ പ്രധാന മത്സരം. 2025-ലെ ആദ്യ പാദത്തിലെ കണക്കനുസരിച്ച്, വിവോയ്ക്ക് പിന്നിൽ 16.4 ശതമാനം വിപണി വിഹിതവുമായി സാംസങ് രണ്ടാം സ്ഥാനത്താണ്.