
നാല് മാസത്തിനിടയിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ കടം എടുത്തത് 15000 കോടി. ഏപ്രിൽ മാസം 3000 കോടി, മെയ് മാസം 4000 കോടി, ജൂൺ 5000 കോടി, ജൂലൈ 3000 കോടി ( 22 ന് 1000 കോടി കടം എടുക്കുന്നത് ഉൾപ്പെടെ) എന്നിങ്ങനെയാണ് 2025- 26 സാമ്പത്തിക വർഷത്തെ കേരളത്തിൻ്റെ കടമെടുപ്പ്. വികസന പ്രവർത്തനങ്ങൾക്കാണ് കടമെടുപ്പ് എന്നാണ് ഭാഷ്യം എങ്കിലും ശമ്പളവും പെൻഷനും കൊടുക്കാനാണ് 15000 കോടിയും ചെലവഴിച്ചത്. കടം എടുത്ത് ശമ്പളവും പെൻഷനും ക്ഷേമ പെൻഷനും കൊടുക്കേണ്ട ഗതികേടിലായി കേരളം.
ഡിസംബർ വരെ 29529 കോടി കടം എടുക്കാൻ കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ 15000 കോടിയും കടം എടുത്തതോടെ ഡിസംബർ വരെ കടം എടുക്കാൻ ശേഷിക്കുന്നത് 14529 കോടി മാത്രമാണ്. ജൂലൈയിൽ ഇനിയും 2000 കോടി കൂടി കടം എടുക്കും എന്നാണ് അറിയുന്നത്. ആഗസ്ത് 1 മുതൽ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ വേണ്ടിയാണ് വീണ്ടും കടം എടുക്കുന്നത്. പിന്നെ ഡിസംബർ വരെ ശേഷിക്കുന്നത് 12529 കോടി മാത്രം.
ആഗസ്ത് , സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ എന്നീ അഞ്ച് മാസങ്ങൾ കടക്കാൻ 12529 കോടി കടം തികയാതെ വരും. ഓണം വരുന്ന സെപ്റ്റംബർ മാസത്തെ ചെലവുകൾക്ക് തന്നെ 15000 കോടി കണ്ടെത്തേണ്ടി വരും. മറ്റ് വരുമാന മാർഗങ്ങളും കടമെടുപ്പും കൂടി കൂട്ടിയാലും കാര്യങ്ങൾ നടക്കാത്ത അവസ്ഥയാണ് ധനവകുപ്പിന് മുന്നിൽ ഉള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒക്ടോബറിൽ പെരുമാറ്റ ചട്ടം ഉണ്ടാകും എന്ന പ്രതീക്ഷയാണ് ധനവകുപ്പ് പങ്ക് വയ്ക്കുന്നത്. പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ ചെലവ് കുറയും. പെരുമാറ്റ ചട്ടത്തിൻ്റെ പേരിൽ പല ചെലവുകളും മാറ്റി വയ്ക്കാം. ഇങ്ങനെ ഡിസംബർ കടക്കാം എന്ന പ്ലാൻ ബി ആണ് ധനവകുപ്പിൻ്റെ മുന്നിൽ ഉള്ളത്.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 3 ശതമാനമാണ് ഒരു വർഷം കടം എടുക്കാൻ ആകുന്നത്. അതനുസരിച്ച് 39876 കോടിയാണ് കേരളത്തിന്റെ വായ്പ പരിധിയായി നിശ്ചയിച്ചത്. ഇതിന് പുറമേ വൈദ്യുത മേഖലയിലെ പരിഷ്കാരങ്ങൾക്കുള്ള പ്രോൽസാഹനമായി അര ശതമാനം കൂടി അനുവദിക്കും.
6 ലക്ഷം കോടിയിലേക്ക് കുതിക്കുകയാണ് കേരളത്തിൻ്റെ കടബാധ്യത.പെൻഷൻ കമ്പനിയുടെയും കിഫ്ബിയുടേയും ബാധ്യതയാണ് കേരളത്തിന്റെ കടം 6 ലക്ഷം കോടിയിലേക്ക് ഉയർത്തിയത്. ഇത് കൂടാതെ 2 ലക്ഷം കോടിയുടെ കുടിശികയും സർക്കാരിനുണ്ട്. ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രം 1 ലക്ഷം കോടിയുടെ കുടിശികയുണ്ട്.ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ്, കർഷകർ, കെട്ടിട നിർമാണ തൊഴിലാളികൾ , കരാറുകാർ എന്നിവരുടെ കുടിശികയും 1 ലക്ഷം കോടി കവിഞ്ഞു.