Crime

അവിഹിതം ഭർതൃസഹോദരനുമായി: ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍

ന്യൂഡൽഹി: ഷോക്കേറ്റ് മരിച്ചുവെന്ന് ഭാര്യ വരുത്തിത്തീർക്കാൻ ശ്രമിച്ച 36-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭർത്താവിന്റെ സഹോദരനുമായി അവിഹിത ബന്ധമുണ്ടായിരുന്ന ഭാര്യ, കാമുകനുമായി ചേർന്ന് ഉറക്കഗുളിക നൽകി മയക്കിയ ശേഷം ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട കരൺ ദേവിന്റെ സഹോദരൻ നൽകിയ നിർണായക തെളിവുകളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സംഭവത്തിൽ ഭാര്യ സുസ്മിതയെ പോലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 13-നാണ് കരൺ ദേവിനെ ഷോക്കേറ്റെന്ന പേരിൽ ഭാര്യ സുസ്മിത ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചു. അപകടമരണമാണെന്ന് കുടുംബം വിശ്വസിച്ചെങ്കിലും, യുവാവിന്റെ പ്രായം കണക്കിലെടുത്ത് പോലീസ് നിർബന്ധപൂർവ്വം പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു.

കെട്ടുകഥ പൊളിച്ചത് ഇൻസ്റ്റഗ്രാം ചാറ്റ്

മൂന്ന് ദിവസത്തിന് ശേഷം, കരണിന്റെ ഇളയ സഹോദരൻ കുനാൽ, തന്റെ സഹോദരനെ കൊലപ്പെടുത്തിയതാണെന്ന് സംശയം പ്രകടിപ്പിച്ച് പോലീസിനെ സമീപിച്ചു. സുസ്മിതയും ഭർത്താവിന്റെ കസിനായ രാഹുലും തമ്മിലുള്ള ഇൻസ്റ്റഗ്രാം ചാറ്റുകൾ തെളിവായി നൽകിയതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

കരണിനെ ഒഴിവാക്കുന്നതിനായി ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുന്നതിന്റെ വിവരങ്ങൾ ചാറ്റുകളിലുണ്ടായിരുന്നു. അത്താഴത്തിൽ 15 ഉറക്കഗുളികകൾ കലർത്തി നൽകിയ ശേഷം, മരണം ഉറപ്പാക്കാൻ ഷോക്കേൽപ്പിക്കുകയായിരുന്നു. ഉറക്കഗുളിക കഴിച്ചാൽ മരിക്കാൻ എത്ര സമയമെടുക്കുമെന്ന് ഇരുവരും ഗൂഗിളിൽ തിരഞ്ഞതായും പോലീസ് കണ്ടെത്തി.

ഭാര്യയുടെ കുറ്റസമ്മതം

ചാറ്റുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ, സുസ്മിത കുറ്റം സമ്മതിച്ചു. ഭർത്താവ് തന്നെ മർദ്ദിക്കാറുണ്ടായിരുന്നെന്നും, പണം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇവർ മൊഴി നൽകി. അറസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും, വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ദ്വാരക ഡിസിപി അങ്കിത് സിംഗ് പറഞ്ഞു.