FinanceNews

ബെവ്കോ സർക്കാരിൻ്റെ ഐശ്വര്യം! മദ്യ വിൽപനയിൽ നിന്നുള്ള വരുമാനം 14853 കോടി; മുൻ വർഷത്തേക്കാൾ 1579 കോടി വർധനവ്

ബിവറേജ് കോർപ്പറേഷൻ സർക്കാരിൻ്റെ ഐശ്വര്യം. ബെവ്കോയിൽ നിന്ന് ലഭിക്കുന്ന നികുതി വരുമാനത്തിൽ കുത്തനെ വളർച്ചയെന്ന് ജി.എസ് ടി വകുപ്പ്. 2023- 24 ൽ 13274.17 കോടിയായിരുന്നു ബവ്കോയിൽ നിന്നുള്ള നികുതി വരുമാനം. 2024-25 ൽ ഇത് 14853.28 കോടിയായി ഉയർന്നു. വർധന 1579.11 കോടി.

എന്നാൽ പെഗ് റേറ്റിൽ മദ്യം വിൽക്കുന്ന ബാറുകളുടെ നികുതിയിൽ ഈ വളർച്ച ഉണ്ടാകാത്തത് ദുരൂഹമാണ്. 2022- 23 ൽ ബാറുകളിൽ നിന്ന് 617.23 കോടി ലഭിച്ചെങ്കിൽ 2024- 25 ൽ ഇത് 569.93 കോടിയായി കുറഞ്ഞു. മദ്യത്തെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നതിനാൽ പിരിക്കുന്ന നികുതി യത്രയും സംസ്ഥാന സർക്കാരിന് ലഭിക്കും.

ബാറുകളിലെ പരിശോധന പേരിന് മാത്രമാണ്. വരുമാനം കുറയുന്നതിൻ്റെ കാരണവും മറ്റൊന്നല്ല.
65 ബാറുകളിൽ മാത്രമാണ് പരിശോധന നടന്നത്. 9 .67 കോടിയുടെ വെട്ടിപ്പ് കണ്ടെത്തിയെങ്കിലും പിരിച്ചെടുത്തത് 1.12 കോടി മാത്രം. ബാറുകളിൽ കൃത്യമായി പരിശോധന നടത്തിയാൽ ഇപ്പോൾ ലഭിക്കുന്നതിൻ്റെ അഞ്ചിരട്ടിയെങ്കിലും ഖജനാവിൽ എത്തും. കടം എടുക്കാനുള്ള ശുഷ്കാന്തി ബാറുകളിലെ വരുമാനം ഖജനാവിൽ എത്തിക്കുന്നതിൽ ബാലഗോപാലിനില്ല. ബാറുകളിലെ പണം ഒഴുകുന്നത് എങ്ങോട്ട് എന്ന ചോദ്യത്തിൻ്റെ പ്രസക്തി അനുദിനം വർദ്ധിക്കുകയാണ്.