
ന്യൂഡൽഹി: വിദേശത്ത് പഠിക്കുന്ന മക്കൾക്ക് പണമയക്കുമ്പോൾ, വിവിധ ബാങ്കിംഗ് ചാർജുകളായും എക്സ്ചേഞ്ച് റേറ്റിലെ വ്യത്യാസങ്ങളായും ഇന്ത്യൻ രക്ഷിതാക്കൾക്ക് ഒരു വർഷം നഷ്ടമാകുന്നത് 1700 കോടി രൂപ (200 മില്യൺ ഡോളർ). ഗ്ലോബൽ പേയ്‌മെന്റ് കമ്പനിയായ ‘വൈസും’ (Wise), ‘റെഡ്‌സീർ സ്ട്രാറ്റജി കൺസൾട്ടന്റ്‌സും’ ചേർന്ന് നടത്തിയ പുതിയ റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ.
വിദേശ വിദ്യാഭ്യാസത്തിനായി ഇന്ത്യയിൽ നിന്ന് വർഷം തോറും അയക്കുന്ന 85,000 മുതൽ 93,500 കോടി രൂപയുടെ (10–11 ബില്യൺ ഡോളർ) 95 ശതമാനത്തിലധികം ഇടപാടുകളും നടക്കുന്നത് പരമ്പരാഗത ബാങ്കുകൾ വഴിയാണ്. ഈ ഇടപാടുകൾക്ക് 3 മുതൽ 3.5 ശതമാനം വരെ ‘ഹിഡൻ ചാർജുകൾ’ ഈടാക്കുന്നതാണ് രക്ഷിതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നത്.
മാസം ലക്ഷങ്ങൾ നഷ്ടം
റിപ്പോർട്ട് പ്രകാരം, വർഷത്തിൽ 30 ലക്ഷം രൂപ മക്കൾക്ക് അയക്കുന്ന ഒരു കുടുംബത്തിന്, ഏകദേശം 60,000 മുതൽ 75,000 രൂപ വരെയാണ് ഇത്തരത്തിൽ നഷ്ടമാകുന്നത്. ഈ തുക കൊണ്ട് മക്കളുടെ മാസങ്ങളോളം വരുന്ന ജീവിതച്ചെലവുകൾ നടത്താനോ, അല്ലെങ്കിൽ അധിക കോഴ്സുകൾക്ക് ഫീസ് അടക്കാനോ സാധിക്കും.
“കുടുംബം സാധാരണയായി ബാങ്ക് ട്രാൻസ്ഫർ വഴിയാണ് പണം അയക്കുന്നത്. എന്നാൽ, അടിയന്തര സാഹചര്യങ്ങളിൽ പണം അക്കൗണ്ടിലെത്താൻ രണ്ടോ മൂന്നോ ദിവസം കാത്തിരിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. അപ്പോഴാണ് ഞാൻ തൽക്ഷണ പണമടപാട് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയത് – അവ വേഗതയേറിയതും എളുപ്പമുള്ളതുമാണ്,” എന്ന് അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥിനി ഹർഷ പറയുന്നു.
ഇന്ത്യൻ വിദ്യാർത്ഥികൾ മുന്നിൽ
ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും വർധിച്ചുവരികയാണ്. അമേരിക്ക, യുകെ, കാനഡ, ഓസ്‌ട്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 30-35% വരെ ഇപ്പോൾ ഇന്ത്യക്കാരാണ്. 2024-ൽ, അമേരിക്കയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാർത്ഥി സമൂഹമായി ഇന്ത്യ ചൈനയെ മറികടന്നിരുന്നു.
ഇന്ത്യയുടെ അന്താരാഷ്ട്ര വിദ്യാഭ്യാസത്തിനായുള്ള ചെലവ് 2030-ഓടെ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ, പണമയക്കുന്നതിലെ ഹിഡൻ ചാർജുകൾ ഒഴിവാക്കുന്നത് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ വലിയ തോതിൽ സഹായിക്കും.
സുതാര്യത വേണം
“തങ്ങളുടെ കുട്ടികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വലിയ ത്യാഗങ്ങൾ ചെയ്യുന്ന മാതാപിതാക്കൾക്ക്, എക്സ്ചേഞ്ച് റേറ്റിലെ വ്യത്യാസങ്ങളുടെ രൂപത്തിൽ വരുന്ന മറഞ്ഞിരിക്കുന്ന ഫീസുകൾ നിരാശാജനകവും അന്യായവുമാണ്. ഈ രീതിയിൽ നഷ്ടപ്പെടുന്ന പണത്തിന്റെ കണക്കുകൾ ഒരു ഉണർത്തുപാട്ടാകണം,” എന്ന് വൈസിലെ സൗത്ത് ഏഷ്യ എക്സ്പാൻഷൻ ലീഡ് താനിയ ഭരദ്വാജ് പറഞ്ഞു.
സാമ്പത്തിക വ്യവസായം കൂടുതൽ സുതാര്യതയോടെ പ്രവർത്തിച്ചാൽ, ഓരോ രൂപയും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി കൃത്യമായി ഉപയോഗിക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.