
റിലയൻസ് പവറിന് 9,000 കോടി രൂപയുടെ ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി
മുംബൈ: സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന അനിൽ അംബാനിയുടെ റിലയൻസ് പവർ വൻ ഫണ്ട് സമാഹരണത്തിനൊരുങ്ങുന്നു. 9,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിക്ക് കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകി. ഓഹരികളിലൂടെയും കടപ്പത്രങ്ങളിലൂടെയുമായിരിക്കും ഈ തുക കണ്ടെത്തുക.
കമ്പനിയുടെ ബുധനാഴ്ച ചേർന്ന ബോർഡ് യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. പദ്ധതി പ്രകാരം 6,000 കോടി രൂപ ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലേസ്‌മെന്റ് (QIP), ഫോളോ-ഓൺ പബ്ലിക് ഓഫർ (FPO) എന്നിവ വഴി ഓഹരികളായി സമാഹരിക്കും. ബാക്കി 3,000 കോടി രൂപ കടപ്പത്രങ്ങൾ (non-convertible debentures) വഴിയും കണ്ടെത്തും.
ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ച ശേഷമായിരിക്കും ഫണ്ട് സമാഹരണത്തിന്റെ മറ്റ് നടപടിക്രമങ്ങളിലേക്ക് കമ്പനി കടക്കുകയെന്ന് റിലയൻസ് പവർ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.
ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ റിലയൻസ് പവറിന്റെ ഓഹരി വിലയിൽ മുന്നേറ്റമുണ്ടായി. ബുധനാഴ്ച ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചപ്പോൾ കമ്പനിയുടെ ഓഹരി വില 2.39 ശതമാനം ഉയർന്ന് 66.06 രൂപയിലെത്തി.