
പിണറായി സർക്കാരുകൾ ഒരു സ്‌കൂൾ പോലും തുടങ്ങിയില്ലെന്ന് വി. ശിവൻകുട്ടി; തുടങ്ങിയത് ബാറുകൾ മാത്രമെന്ന് കണക്കുകൾ; ഉണ്ടായിരുന്ന സ്‌കൂളുകൾ പൂട്ടുകയും ചെയ്തു
തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം കേരളത്തിൽ പുതുതായി സർക്കാർ, എയ്ഡഡ് മേഖലകളിൽ ഒരു സ്‌കൂളുപോലും അനുവദിച്ചില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2016 മുതൽ 2024 വരെ പുതുതായി ഒരു സ്‌കൂളുപോലും അനുവദിച്ചിട്ടില്ലെന്ന് വി. ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി.
മുസ്ലിംലീഗ് എംഎൽഎ എൻ. ഷംസുദ്ദീൻ എംഎൽഎ ഉന്നയിച്ച ചോദ്യത്തിനാണ് വി. ശിവൻകുട്ടിയുടെ ഞെട്ടിക്കുന്ന മറുപടി. അതായത് 2016 ൽ അധികാരം ഒഴിഞ്ഞ യുഡിഎഫ് സർക്കാറിന് ശേഷം സി. രവീന്ദ്രനാഥ്, വി. ശിവൻകുട്ടി എന്നിവർ മന്ത്രിയായിരുന്ന കാലത്ത് കേരളത്തിൽ ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനം പോലും ആരംഭിച്ചിട്ടില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് വി. ശിവൻകുട്ടി.

പുതിയ സ്‌കൂളുകൾ തുടങ്ങിയില്ലെന്ന് മാത്രമല്ല കേരളത്തിൽ വിവിധ കാരണങ്ങൾ പറഞ്ഞ് പൂട്ടിയ സ്‌കൂളുകളും ഉണ്ട്. കണ്ണൂർ ജില്ലയിൽ മാത്രം ആറുവർഷത്തിനിടെ പൂട്ടിയത് ആറ് സ്‌കൂളുകളാണ്. കേരളത്തിലാകെയുള്ള കണക്കുകൾ ഇതിന്റെ പത്തിരട്ടി വരുമെന്നതാണ് യാഥാർത്ഥ്യം.
പിണറായി അധികാരത്തിലേറിയത് ഞങ്ങൾ തുടങ്ങുന്നത് ബാറുകളല്ല സ്‌കൂളുകളാണെന്ന പരസ്യ വാചകവുമായിട്ടായിരുന്നു. എന്നാൽ ഇതിനോട് പറഞ്ഞുനിൽക്കാനുള്ള ഒരു സ്‌കൂളുപോലും കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ കേരളത്തിൽ ആരംഭിച്ചിട്ടില്ലെന്നാണ് വി. ശിവൻകുട്ടി വ്യക്തമാക്കുന്നത്. അതേസമയം, ഉമ്മൻചാണ്ടി അധികാരം ഒഴിയുമ്പോൾ കേരളത്തിലുണ്ടായിരുന്നത് വെറും 29 ബാറുകൾ മാത്രമായിരുന്നു. പിണറായി വിജയൻ ഒമ്പത് വർഷം കൊണ്ട് അനുമതി നൽകിയത് ആയിരത്തിലേറെ ബാറുകൾക്കും.