BusinessMalayalam Media LIveNews

പൊള്ളുന്ന വിലയുമായി ‘കേര’; ലിറ്ററിന് 529 രൂപ, സർക്കാർ വെളിച്ചെണ്ണയ്ക്ക് തീവില

കൊച്ചി: സാധാരണക്കാരന്റെ അടുക്കളയ്ക്ക് തീപിടിപ്പിച്ച് സർക്കാർ സ്ഥാപനമായ കേരഫെഡിന്റെ ‘കേര’ വെളിച്ചെണ്ണയുടെ വിലയിൽ വൻ വർധന. ലിറ്ററിന് 110 രൂപ ഒറ്റയടിക്ക് കൂട്ടിയതോടെ ഒരു ലിറ്റർ കേര വെളിച്ചെണ്ണയുടെ പുതിയ വില 529 രൂപയായി. ഇതോടെ കേരളത്തിലെ ഏറ്റവും വിലയേറിയ വെളിച്ചെണ്ണയായി കേര മാറി. പൊതുവിപണിയിൽ മറ്റ് ബ്രാൻഡുകൾക്ക് 420-480 രൂപ മാത്രം വിലയുള്ളപ്പോഴാണ് ഈ കൊള്ള.

ഓണക്കാലം പടിവാതിൽക്കൽ നിൽക്കെ, നാല് മാസത്തിനിടെ ഇത് നാലാം തവണയാണ് കേരഫെഡ് വില വർധിപ്പിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിർത്തുമെന്ന് പ്രഖ്യാപിച്ച കൃഷിമന്ത്രി പി. പ്രസാദിന്റെ വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് ജനങ്ങളെ കൊള്ളയടിക്കുന്നതെന്ന വിമർശനവും ശക്തമാണ്.

അഴിമതിയുടെ മണം

വിലവർധനവിന് പിന്നിൽ വൻ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന ആരോപണം ശക്തമാണ്. വിപണിയിൽ കിലോയ്ക്ക് 270 രൂപയ്ക്ക് കൊപ്ര ലഭിക്കുമ്പോൾ, 299 രൂപ നൽകി വൻകിട ലോബികളിൽ നിന്ന് കേരഫെഡ് വൻതോതിൽ കൊപ്ര വാങ്ങിയതാണ് വിലവർധനവിന് കാരണമെന്ന് പറയപ്പെടുന്നു. ഈ അഴിമതി ഇടപാടിലൂടെ സ്ഥാപനത്തിന് ഭീമമായ നഷ്ടമുണ്ടായെന്നും അത് നികത്താനാണ് ഇപ്പോൾ ജനങ്ങളുടെ തലയിൽ ഭാരം കെട്ടിവെക്കുന്നതെന്നുമാണ് ആക്ഷേപം.

ഓണവിപണിയിൽ തിരിച്ചടി

ഏറ്റവും കൂടുതൽ വിറ്റുവരവ് ലഭിക്കുന്ന ഓണക്കാലത്ത് വില കുത്തനെ കൂട്ടിയത് കേരഫെഡിന് തന്നെ തിരിച്ചടിയാകും. സാധാരണക്കാരന് താങ്ങാനാവാത്ത വിലയായതോടെ ഉപഭോക്താക്കൾ മറ്റ് ബ്രാൻഡുകളിലേക്ക് മാറുമെന്നുറപ്പാണ്. കൊപ്ര ക്ഷാമം കാരണം കരുനാഗപ്പള്ളി പ്ലാന്റിൽ പലതവണ ഉൽപാദനം നിർത്തിവെക്കേണ്ടി വന്നിരുന്നു. മുന്നറിയിപ്പില്ലാതെ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡീലർമാർ പ്ലാന്റിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു.