IndiaNews

റോബർട്ട് വാദ്രയ്ക്കെതിരെ ഇഡി കുറ്റപത്രം, 37 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയ്‌ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലെ ഷിക്കോഹ്പൂർ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഇതിനുപുറമെ, വാദ്രയുടെയും അദ്ദേഹത്തിന്റെ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെയും 37.6 കോടി രൂപ വിലമതിക്കുന്ന 43 സ്വത്തുക്കൾ ഇഡി കണ്ടുകെട്ടുകയും ചെയ്തു.

എന്താണ് ഷിക്കോഹ്പൂർ കേസ്?

2008-ൽ വാദ്ര ഡയറക്ടറായിരുന്ന സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനി ഗുരുഗ്രാമിലെ ഷിക്കോഹ്പൂരിൽ 7.5 കോടി രൂപയ്ക്ക് മൂന്നേക്കർ ഭൂമി വാങ്ങിയിരുന്നു. പിന്നീട്, ഹരിയാന ടൗൺ പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വാണിജ്യ ആവശ്യങ്ങൾക്കായി ഈ ഭൂമി ഉപയോഗിക്കാൻ അനുമതി നേടിയ ശേഷം, ഇതേ ഭൂമി ഡിഎൽഎഫിന് 58 കോടി രൂപയ്ക്ക് മറിച്ചുവിറ്റു. ഈ ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

2012-ൽ ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ഖേംക ഈ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കിയതോടെയാണ് സംഭവം വലിയ വിവാദമായത്.

രാഷ്ട്രീയ വേട്ടയെന്ന് വാദ്ര

അതേസമയം, തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെയും ഭാര്യാസഹോദരനും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെയും നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും റോബർട്ട് വാദ്ര നേരത്തെ ആരോപിച്ചിരുന്നു. ഏപ്രിലിൽ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. കുറ്റപത്രം സമർപ്പിച്ചതോടെ കേസ് നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.